തൃശ്ശൂർ: പ്രശസ്ത വാദ്യവിസ്മയമായ ഇലഞ്ഞിത്തറ മേളം വടക്കുന്നാഥ ക്ഷേത്രമുറ്റത്ത് കൊട്ടിക്കയറുന്നു. ഇലഞ്ഞിത്തറച്ചോട്ടിൽ പാറമേക്കാവ് വിഭാഗത്തിന്റെ പാണ്ടിമേളത്തിന് കിഴക്കൂട്ട് അനിയൻ മാരാർ ആണ് പ്രാമാണ്യം വഹിക്കുന്നത്. ഇത് മൂന്നാം തവണയാണ് അനിയൻ മാരാർ ഇലഞ്ഞിത്തറ മേളത്തിന്റെ അമരക്കാരനാകുന്നത്.(Thrissur pooram at its peak, Ilanjithara Melam gets evoked )
ഇലഞ്ഞിത്തറയിൽ പാറമേക്കാവിന്റെ പാണ്ടിമേളം മുറുകുമ്പോൾ, പുറത്ത് ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടി വിഭാഗത്തിന്റെ പാണ്ടിമേളവും നടക്കുന്നുണ്ട്. വൈകിട്ട് അഞ്ചു മണിയോടെ മേളം സമാപിച്ച് പ്രശസ്തമായ തെക്കോട്ടിറക്കം ആരംഭിക്കും. പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് ‘തെക്കിന്റെ തേവർ’ എന്നറിയപ്പെടുന്ന കൊമ്പൻ തൃക്കടവൂർ ശിവരാജു ആണ്. 16 വർഷത്തിന് ശേഷമാണ് ശിവരാജു പൂരനഗരിയിലെത്തുന്നത്. തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റുന്നത് തിരുവമ്പാടി ചന്ദ്രശേഖരനാണ്.
കോങ്ങാട് മധുവിന്റെ പ്രമാണത്തിൽ നടന്ന മഠത്തിൽ വരവ് പഞ്ചവാദ്യം നായ്ക്കനാലിൽ സമാപിച്ചു. തുടർന്ന് 15 ആനകളുടെ അകമ്പടിയോടെ തിരുവമ്പാടിയുടെ പാണ്ടിമേളം ആരംഭിച്ചു. പൂരപ്രേമികൾ ലോകമെമ്പാടും കാത്തിരിക്കുന്ന കുടമാറ്റം വൈകിട്ട് 5.30-ന് വടക്കുന്നാഥന്റെ തെക്കേ നടയിൽ നടക്കും. ഇത്തവണ വെടിക്കെട്ട് ഒഴിവാക്കിയ പശ്ചാത്തലത്തിൽ, ആചാരപരമായ ചടങ്ങുകളുടെ ഭാഗമായി പുലർച്ചെ ഇരുവിഭാഗങ്ങളും ഓരോ കതിന മാത്രം മുഴക്കും.
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ വേദനകൾക്കിടയിലും ആചാരപ്പെരുമ ഒട്ടും കുറയാതെയാണ് തട്ടകം പൂരത്തെ വരവേൽക്കുന്നത്. ഘടകപൂരങ്ങൾ വടക്കുന്നാഥനെ കണ്ട് മടങ്ങിയതോടെ ഇനി വരും മണിക്കൂറുകൾ കുടമാറ്റത്തിന്റെ വർണ്ണവിസ്മയങ്ങൾക്കായി നാട് കാത്തിരിക്കുന്നു. നാളെ ഉച്ചയോടെ ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വർഷത്തെ പൂരത്തിന് സമാപനമാകും.

