തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗം മൂലമുണ്ടാകുന്ന ആരോഗ്യ-സാമൂഹിക പ്രശ്നങ്ങൾ നേരിടാൻ വിപുലമായ കർമ്മപദ്ധതിയുമായി സർക്കാർ (Kerala Heatwave 2026). മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പൊതു പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാനും തീരുമാനിച്ചു.
പ്രധാന തീരുമാനങ്ങളും നിർദ്ദേശങ്ങളും:
ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ഘട്ടങ്ങളിൽ പകൽ സമയത്തെ പൊതു പരിപാടികൾ, കായിക മത്സരങ്ങൾ, പകൽപ്പൂരങ്ങൾ, സെലക്ഷൻ ട്രയലുകൾ എന്നിവയ്ക്ക് കർശന നിയന്ത്രണമോ വിലക്കോ ഏർപ്പെടുത്തും. മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, ടാക്സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ താൽക്കാലിക തണൽ പന്തലുകളും ‘തണ്ണീർ പന്തലുകളും’ സ്ഥാപിക്കും. ഇവിടെ കുടിവെള്ളം, ഒ.ആർ.എസ്, സംഭാരം എന്നിവ ലഭ്യമാക്കും.
എല്ലാ അംഗൻവാടികളെയും ചൂടിനെ പ്രതിരോധിക്കുന്ന (Heat Resilient) രീതിയിലേക്ക് മാറ്റും. കൂൾ റൂഫ്, വെന്റിലേഷൻ സാങ്കേതികവിദ്യകൾ ഇതിനായി ഉപയോഗിക്കും. ഇത് സ്കൂളുകളിലേക്കും വ്യാപിപ്പിക്കും.തിരഞ്ഞെടുത്ത ആശുപത്രികളിൽ സ്ഥിരം ‘ഹീറ്റ് & ബേൺ ക്ലിനിക്കുകൾ’ സ്ഥാപിക്കും. പാമ്പുകടിയേറ്റാൽ ചികിത്സ ഉറപ്പാക്കാൻ കൂടുതൽ കേന്ദ്രങ്ങളിൽ ആന്റിവെനം ലഭ്യമാക്കും.
തടസ്സമില്ലാത്ത വൈദ്യുതി വിതരണം കെഎസ്ഇബി ഉറപ്പാക്കണം. കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ വാട്ടർ അതോറിറ്റിയും തദ്ദേശ സ്ഥാപനങ്ങളും ഏകോപിതമായി പ്രവർത്തിക്കണം.വാർഡ് അടിസ്ഥാനത്തിൽ താപനിലയും മഴയും അളക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കും. ഇതിനായി ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ഫണ്ട് അനുവദിക്കും.
മറ്റ് മുൻകരുതലുകൾ:
ട്രാഫിക് സിഗ്നലുകളുടെ സമയദൈർഘ്യം കുറയ്ക്കാൻ നടപടി സ്വീകരിക്കും.
അമീബിക് മസ്തിഷ്കജ്വരം തടയാൻ ശുദ്ധമല്ലാത്ത ജല സ്രോതസ്സുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ബോധവൽക്കരണം നടത്തും.
പാമ്പുകളുടെ ശല്യം വർധിക്കാൻ സാധ്യതയുള്ളതിനാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
പ്രാദേശികമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഓരോ തദ്ദേശ സ്ഥാപനവും ‘ഹീറ്റ് ആക്ഷൻ പ്ലാനുകൾ’ തയ്യാറാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് മന്ത്രിമാർ, കളക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Story Summary: Chief Minister Pinarayi Vijayan chaired a high-level meeting to address the ongoing heatwave in Kerala. Key decisions include banning outdoor public events during peak heat hours, setting up cooling shelters (Thanneer Panthals) in public places, and transforming Anganwadis into heat-resilient buildings. Specialized Heat & Burn clinics will be opened in hospitals, and local bodies are tasked with creating localized Heat Action Plans.

