തലശ്ശേരി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി ആർ.എൽ. നിതിൻരാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയും ഓറൽ പാത്തോളജി വിഭാഗം മേധാവിയുമായ ഡോ. എം.കെ. റാമിന് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു (Nithin Raj Death). പ്രോസിക്യൂഷൻ നിരത്തിയ വാദങ്ങളും തെളിവുകളും അംഗീകരിച്ചുകൊണ്ടാണ് കോടതി നടപടി. അതേസമയം, കേസിലെ രണ്ടാം പ്രതി അസോസിയേറ്റ് പ്രൊഫസർ ഡോ. കെ.ടി. സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.
നിതിൻരാജ് അധ്യാപകരുടെ ഭാഗത്തുനിന്നുള്ള നിരന്തരമായ മാനസിക പീഡനത്തിന്റെയും അധിക്ഷേപത്തിന്റെയും ഇരയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മാർച്ച് 13 മുതൽ പ്രതികൾ നിതിൻരാജിനെ പലവിധത്തിൽ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു.
സംഭവദിവസം ഡോ. റാം സ്റ്റാഫ് റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും, മരിക്കുന്നതിന് മുമ്പ് നിതിൻരാജ് തന്റെ സഹോദരിക്ക് അയച്ച ഓഡിയോ, വാട്‌സാപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.ആത്മഹത്യയ്ക്ക് ശ്രമിച്ച നിതിൻരാജിനെ കാഷ്വാലിറ്റിയിൽ എത്തിച്ച സമയത്തും ഡോ. റാം സഭ്യേതരമായ പരാമർശങ്ങൾ നടത്തിയതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
വിദ്യാർത്ഥിയുടെ മരണത്തിൽ അധ്യാപകരുടെ പങ്ക് വ്യക്തമാക്കുന്ന സാഹചര്യ തെളിവുകൾ നിലനിൽക്കുന്നതിനാലാണ് ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്. ബിഡിഎസ് ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന നിതിൻരാജിന്റെ മരണം വലിയ പ്രതിഷേധങ്ങൾക്കും കോളേജ് അധികൃതർക്കെതിരെയുള്ള സമരങ്ങൾക്കും വഴിവെച്ചിരുന്നു.
Story Summary: The Thalassery Additional District Sessions Court has denied anticipatory bail to Dr. M.K. Ram, the first accused in the suicide case of BDS student Nitinraj at Anjarakandy Dental College. The court accepted the prosecution’s evidence regarding harassment and mental torture. Meanwhile, the second accused, Dr. Sangeeta Nambiar, was granted bail.

