തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ അനുവദനീയമായതിലും അധികം വെടിമരുന്ന് സൂക്ഷിച്ചിരുന്നോ എന്ന കാര്യം ഗൗരവമായി അന്വേഷിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. വെടിക്കെട്ട് ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാന വ്യാപകമായി ചർച്ചകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.(Will investigate whether there was an excessive amount of gunpowder, Minister VN Vasavan on Mundathikode tragedy )
ഭാവിയിൽ വെടിക്കെട്ടുകൾ ഒളിമ്പിക്സ് മാതൃകയിൽ വർണ്ണാഭമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. വലിയ ശബ്ദമുണ്ടാക്കുന്ന രീതി ഒഴിവാക്കി വർണ്ണക്കാഴ്ചകൾക്ക് പ്രാധാന്യം നൽകുന്ന രീതിയിലേക്ക് വെടിക്കെട്ടുകൾ മാറണം. ഈ വർഷത്തെ തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരന്തവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ മന്ത്രി പങ്കുവെച്ചു. ഇതുവരെ 11 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ദുരന്തസ്ഥലത്തുനിന്ന് ഇതുവരെ 29 മൃതദേഹ അവശിഷ്ടങ്ങളാണ് കണ്ടെടുത്തത്. ഇവ തിരിച്ചറിയാനായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ മൊബൈൽ ഡിഎൻഎ യൂണിറ്റിൽ പരിശോധന നടക്കുകയാണ്.
സംഭവസമയത്ത് 38 പേർ സ്ഥലത്തുണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. രേഖകളെല്ലാം നശിച്ചതിനാൽ വ്യക്തമായ കണക്കില്ല. ഇനിയും നാലുപേരുടെ കാര്യത്തിൽ കൂടി വ്യക്തത വരാനുണ്ട്. നാലുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. നിസാര പരിക്കേറ്റവർ ആശുപത്രി വിട്ടു. ദുരന്ത ഭൂമിക്ക് പുറത്തും ശരീരഭാഗങ്ങൾ കണ്ടെത്തുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. അപകടം നടന്ന സ്ഥലത്ത് നിന്ന് 400 മീറ്റർ അപ്പുറത്തുള്ള പറമ്പിൽ നിന്ന് ഒരു ശരീരഭാഗവും, ഒരു കിലോമീറ്റർ അകലെ നിന്ന് കൈയ്യുടെ ഭാഗങ്ങളും കണ്ടെത്തി. സമീപത്തെ പാടശേഖരങ്ങളിലും പരിശോധന തുടരുകയാണ്. കെഡാവർ നായ്ക്കളുടെ സഹായത്തോടെ പത്തുപേർ അടങ്ങുന്ന പോലീസ് സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്.

