ന്യൂഡൽഹി: മല്ലികാർജ്ജുൻ ഖർഗെയ്‌ക്കെതിരായ പെരുമാറ്റച്ചട്ട ലംഘന പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി കോൺഗ്രസ്. ഖർഗെ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിക്കെതിരായ അദ്ദേഹത്തിന്റെ വിമർശനത്തിൽ നിന്ന് ഒരു വരി മാത്രം അടർത്തിയെടുത്ത് നൽകിയ പരാതിക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.(Congress responds to Election Commission on complaint against Kharge)
പരാതിക്ക് മറുപടി നൽകാൻ വെറും 24 മണിക്കൂർ മാത്രമാണ് കമ്മീഷൻ അനുവദിച്ചതെന്നും ഇത് തിടുക്കത്തിലുള്ള തീരുമാനമാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. കൃത്യമായ മറുപടി സമർപ്പിക്കാൻ ഒരാഴ്ച കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട പാർട്ടി, കമ്മീഷന്റെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും കുറ്റപ്പെടുത്തി. ഖർഗെ നൽകിയ വിശദീകരണം നിലവിൽ പൊതുമധ്യത്തിലുണ്ടെന്നും കോൺഗ്രസ് വ്യക്തമാക്കി.
ബിജെപി നേതാക്കളുടെ പെരുമാറ്റച്ചട്ട ലംഘനങ്ങൾ കമ്മീഷൻ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചട്ടങ്ങൾ ലംഘിച്ചതായി മറുപടിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

