Description
Digital Voice of Kerala
Thursday, April 23, 2026

Digital Voice of Kerala
HomeKeralaസംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്: കാലാവസ്ഥാ വകുപ്പ് 3 ജില്ലകളിൽ അതീവ ജാഗ്രത...

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്: കാലാവസ്ഥാ വകുപ്പ് 3 ജില്ലകളിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു, തൊഴിൽ മേഖലകളിൽ കർശന നിയന്ത്രണം | Heat wave

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. മറ്റ് ജില്ലകളിൽ ഉയർന്ന താപനിലയോടൊപ്പം അന്തരീക്ഷ ഈർപ്പം വർധിക്കുന്നത് അത്യുഷ്ണത്തിന് കാരണമാകുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ മേഖലകളിൽ കർശനമായ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു.(Heat wave warning in the state, Meteorological Department issues high alert)

ഉച്ചസമയത്തെ ജോലി പുനഃക്രമീകരിച്ചുകൊണ്ടുള്ള ഉത്തരവ് എല്ലാ തൊഴിലിടങ്ങളിലും കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇതിനായി തൊഴിൽ വകുപ്പ് പരിശോധനകൾ ഊർജ്ജിതമാക്കും. അതിഥി തൊഴിലാളികളിലേക്ക് സുരക്ഷാ മുന്നറിയിപ്പുകൾ അവരുടെ ഭാഷയിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

ഓൺലൈൻ വിതരണക്കാർക്കും ഭക്ഷണ വിതരണക്കാർക്കും റെസ്റ്റോറന്റുകൾക്കും സംഭരണ കേന്ദ്രങ്ങൾക്കും സമീപം തണലുള്ള വിശ്രമ സൗകര്യം ഒരുക്കണം. യൂണിഫോം ധരിക്കുന്നതിൽ ഇളവ് നൽകാൻ പ്ലാറ്റ്‌ഫോം ഉടമകൾക്ക് നിർദ്ദേശം നൽകി. വ്യാപാര കേന്ദ്രങ്ങളിലും മാർക്കറ്റുകളിലും ആവശ്യമായ വായുസഞ്ചാരം, കുടിവെള്ളം, ടോയ്‌ലെറ്റ് സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണം. സൗകര്യങ്ങൾ കുറഞ്ഞ ഇടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഓട്ടോ-ടാക്സി തൊഴിലാളികൾക്ക് വിശ്രമിക്കാൻ താൽക്കാലിക തണലുകൾ ഒരുക്കണം. ഹോട്ടലുകളിൽ ഓർഡറിനായി കാത്തുനിൽക്കുന്ന ടാക്സി ഡ്രൈവർമാർക്ക് ഹോട്ടലിനുള്ളിൽ വിശ്രമിക്കാൻ അനുമതി നൽകണം.

ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക. വായുസഞ്ചാരമുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ദുരന്തനിവാരണ അതോറിറ്റികളും ഏകോപിച്ച് അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.