തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണയേക്കാൾ 4.5 ഡിഗ്രിയിൽ കൂടുതൽ വ്യതിയാനം രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നടപടി.(Heatwave warning in the state, Alert in various districts; Sirens will sound today)
ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കവചം സംവിധാനത്തിലൂടെ ഇന്ന് സൈറണുകൾ മുഴങ്ങും. ഉച്ചയ്ക്ക് കൊല്ലം, പാലക്കാട് ജില്ലകളിൽ സൈറണുകൾ മുഴങ്ങും. ചൂട് കഠിനമായ മറ്റ് ജില്ലകളിലും ജാഗ്രതയുടെ ഭാഗമായി സൈറണുകൾ മുഴങ്ങുമെന്ന് അധികൃതർ അറിയിച്ചു.
അന്തരീക്ഷത്തിലെ ഈർപ്പം കൂടുതലാണ്. ഇത് കാരണം അനുഭവപ്പെടുന്ന ചൂട് അഥവാ താപസൂചിക റിപ്പോർട്ട് ചെയ്യപ്പെടുന്ന താപനിലയേക്കാൾ വളരെ കൂടുതലായിരിക്കും. ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഉഷ്ണതരംഗ സാഹചര്യം രണ്ട് ദിവസം തുടരുകയാണെങ്കിൽ കാലാവസ്ഥാ വകുപ്പ് ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കും. അതുവരെ എല്ലാ ജില്ലകളും അതീവ ജാഗ്രത പാലിക്കണം.
ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക. നിർജ്ജലീകരണം, സൂര്യാഘാതം എന്നിവയേറ്റാൽ ഉടൻ വൈദ്യസഹായം തേടണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

