മലപ്പുറം: കോൺഗ്രസ് നേതാക്കൾക്കിടയിൽ വീണ്ടും ആരംഭിച്ച മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കെതിരെ മുസ്ലിം ലീഗ്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ ചേർന്ന മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിലാണ് കോൺഗ്രസ് നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾക്കെതിരെ നേതാക്കൾ രംഗത്തെത്തിയത്. (Muslim League has its opinion on who should be the Chief Minister, says Muslim League Malappuram District Committee meeting)
അന്തരീക്ഷം മലിനമാക്കിയല്ല ചർച്ചകൾ നടത്തേണ്ടതെന്നും ലീഗ് കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെയെങ്കിലും മുഖ്യമന്ത്രി ചർച്ചകളിൽ നിന്ന് നേതാക്കൾ വിട്ടുനിൽക്കണമായിരുന്നു. ഭൂരിപക്ഷം നേടി അധികാരത്തിൽ വന്ന ശേഷം നടത്തേണ്ട ചർച്ചകൾ ഇപ്പോൾ നടത്തുന്നത് അനവസരത്തിലാണ്.
ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തിൽ ലീഗിന് വ്യക്തമായ അഭിപ്രായമുണ്ട്. കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തെ ലീഗ് പിന്തുണയ്ക്കും. മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ട്. എന്നാൽ ഇത് പരസ്യ ചർച്ചകളിലൂടെയും വിവാദങ്ങളിലൂടെയും നേടിയെടുക്കേണ്ട ഒന്നല്ല. കോൺഗ്രസ് ആണ് ഇക്കാര്യത്തിൽ തീരുമാനമെടുത്ത് നൽകേണ്ടത് എന്നും ലീഗ് പറയുന്നു.

