ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ (ഡി.എ) രണ്ട് ശതമാനം വർധന വരുത്താൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ഡി.എ 60 ശതമാനമായി ഉയരും. ഇതിനുപുറമെ രാജ്യത്തെ കപ്പൽ ഗതാഗത മേഖലയെ സഹായിക്കുന്നതിനായുള്ള ഫണ്ടിനും പ്രധാനമന്ത്രി ഗ്രാമ സഡക് യോജന നീട്ടുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി.(Govt approves 2% DA raise for central government employees)
58 ശതമാനമായിരുന്ന ഡി.എ ഇതോടെ 60 ശതമാനമാകും. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇതിനുമുമ്പ് ഡി.എ പരിഷ്കരിച്ചത്. വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി വർഷത്തിൽ രണ്ടുതവണയാണ് സർക്കാർ ഡി.എ പരിഷ്കരിക്കുന്നത്. പുതിയ വർധന നിലവിലുള്ള ജീവനക്കാർക്കും പെൻഷൻകാർക്കും ഒരുപോലെ പ്രയോജനപ്പെടും.
എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട് വിവിധ ജീവനക്കാരുടെ സംഘടനകൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്കിടെയാണ് ഈ പ്രഖ്യാപനം. മിനിമം അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് 69,000 രൂപയായി ഉയർത്തണമെന്നും ഫിറ്റ്‌മെന്റ് ഫാക്ടർ 3.83 ആക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ശമ്പള നിർണ്ണയത്തിനായുള്ള ‘കുടുംബം’ എന്ന നിർവ്വചനത്തിൽ ആശ്രിതരായ മാതാപിതാക്കളെ കൂടി ഉൾപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.
ഇന്ത്യൻ ചരക്ക് കപ്പലുകൾക്ക് കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനായി 13,000 കോടി രൂപയുടെ ഫണ്ട് രൂപീകരിക്കാൻ മന്ത്രിസഭ അനുമതി നൽകി. ഇന്ത്യൻ പതാകയുള്ള കപ്പലുകൾക്കും ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിനും ഇത് വലിയ സഹായമാകും. ഗ്രാമീണ റോഡുകളുടെ വികസനത്തിനായുള്ള പ്രധാനമന്ത്രി ഗ്രാമ സഡക് യോജന 2028 വരെ നീട്ടാൻ തീരുമാനിച്ചു. ഇതിനായി 3,000 കോടി രൂപ കൂടി അധികമായി അനുവദിച്ചിട്ടുണ്ട്.

