തൃശൂർ: ലോകപ്രസിദ്ധമായ തൃശൂർ പൂരത്തിന് നാന്ദികുറിച്ച് ഏപ്രിൽ 20-ന് കൊടിയേറും. പൂരത്തിന്റെ മുഖ്യ പങ്കാളികളായ തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും അന്നേ ദിവസം പൂരപ്പതാകകൾ ഉയരുന്നതോടെ നഗരം പൂരലഹരിയിലമരും. ഏപ്രിൽ 26-നാണ് ഈ വർഷത്തെ തൃശൂർ പൂരം.(Thrissur in the rhythm of Pooram, Flag hoisting on April 20; Thrissur Pooram on the 26th)
കൊടിയേറ്റ് 20-ന് രാവിലെ 11:00-നും 11:30-നും മധ്യേ നടക്കും. കൊടിമരത്തിനുള്ള കവുങ്ങ് നാളെ രാവിലെ 9 മണിക്ക് പാട്ടുരായ്ക്കൽ ജംക്ഷനിൽ നിന്ന് ക്ഷേത്രത്തിലെത്തിക്കും. ഉച്ചയ്ക്ക് 3-ന് തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റി നായ്ക്കനാലിലേക്ക് പുറപ്പെടും. നായ്ക്കനാലിലും നടുവിലാലിലും നീല, മഞ്ഞ പതാകകൾ ഉയർത്തും. തുടര്‍ന്ന് വടക്കുന്നാഥനിലെ ശ്രീമൂലസ്ഥാനത്ത് മേളം കലാശിച്ച് നടുവിൽ മഠത്തിൽ ആറാട്ടും തിരിച്ചെഴുന്നള്ളത്തും നടക്കും.
പാറമേക്കാവ് കാശിനാഥൻ ഭഗവതിയുടെ തിടമ്പേറ്റും. അഞ്ച് ആനകളുടെ അകമ്പടിയോടെ വടക്കുന്നാഥ ക്ഷേത്രത്തിലെ ചന്ദ്രപുഷ്കരണി തീർഥക്കുളത്തിൽ ആറാട്ട് നടക്കും. കണിമംഗലം ശാസ്താവ്, ചെമ്പൂക്കാവ് കാർത്യായനി, പനമുക്കുംപ്പിള്ളി ശാസ്താവ്, കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, ലാലൂർ കാർത്യായനി, അയ്യന്തോൾ കാർത്യായനി, നെയ്തലക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലും 20-ന് രാവിലെയും വൈകിട്ടുമായി കൊടിയേറ്റ് നടക്കും.

