ന്യൂഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. വിചാരണക്കോടതി ശിക്ഷിച്ച നാല് പൊലീസ് ഉദ്യോഗസ്ഥരെ വെറുതെ വിട്ട കേരള ഹൈക്കോടതി വിധി റദ്ദാക്കണമെന്നാണ് സിബിഐയുടെ ആവശ്യം.(Udayakumar custodial death case, CBI moves Supreme Court against acquittal of policemen)
മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് സിബിഐ കോടതിയിൽ ബോധിപ്പിച്ചു. കസ്റ്റഡിയിലെ ക്രൂരമായ മർദ്ദനത്തെത്തുടർന്നാണ് ഉദയകുമാർ മരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മാരകമായ 22 പരിക്കുകൾ കണ്ടെത്തിയിരുന്നുവെന്ന് സിബിഐ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
നിയമം സംരക്ഷിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥർ തന്നെ നിയമം കൈയ്യിലെടുത്ത് കൊലപാതകം നടത്തുമ്പോൾ അവർക്ക് ശിക്ഷ നൽകേണ്ടത് അനിവാര്യമാണെന്ന് സിബിഐ വാദിച്ചു. സിബിഐയുടെ അപ്പീൽ സ്വീകരിച്ച സുപ്രീം കോടതി, കേസിലെ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു.

