തിരുവനന്തപുരം: രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്ന നീക്കമാണ് മണ്ഡല പുനർനിർണയത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). സാധാരണ ഭരണപരിഷ്‌കാരം എന്നതിനപ്പുറം സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയേയും ബാധിക്കുന്ന ഗൂഢനീക്കമാണിതെന്ന് അദ്ദേഹം ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാനങ്ങളുമായി ചർച്ച നടത്താതെയും സമവായത്തിലെത്താതെയും കേന്ദ്രം ഏകപക്ഷീയമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനസംഖ്യാ നിയന്ത്രണം, ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിൽ മികച്ച മുന്നേറ്റം നടത്തിയ കേരളം പോലുള്ള സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണ് പുതിയ പരിഷ്‌കാരമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ജനസംഖ്യയുടെ പേരിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സ്വാധീനം വർദ്ധിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
ജനസംഖ്യ നിയന്ത്രിച്ചാൽ പാർലമെന്റിലെ പ്രാതിനിധ്യം നഷ്ടപ്പെടുമെന്ന തെറ്റായ സന്ദേശമാണ് ഈ നീക്കം നൽകുന്നത്.കേന്ദ്ര നയങ്ങൾ കൃത്യമായി നടപ്പിലാക്കിയവർക്ക് കുറഞ്ഞ സീറ്റും, വീഴ്ച വരുത്തിയവർക്ക് കൂടുതൽ പ്രാതിനിധ്യവും ലഭിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.
സാമൂഹികനീതി മറയാക്കുന്നു
സ്ത്രീസംവരണം പോലുള്ള സുപ്രധാനമായ സാമൂഹികനീതി വിഷയങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഇതിന് മറയാക്കി ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. ജനാധിപത്യം എന്നത് കേവലം ഭൂരിപക്ഷം എന്ന സാങ്കേതികത്വം മാത്രമല്ല, അത് നീതിയുടേയും സമതുലിത പ്രാതിനിധ്യത്തിന്റെയും അടിസ്ഥാനത്തിലാണ് നിലനിൽക്കേണ്ടത്. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ ബഹുമാനവും യുക്തിസഹമായ പ്രാതിനിധ്യവും ഉറപ്പാക്കിയില്ലെങ്കിൽ ഈ നീക്കത്തിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Story Summary: Kerala CM Pinarayi Vijayan criticized the central government’s move for constituency delimitation, calling it a threat to federalism. He argued that states like Kerala, which excelled in population control and social sectors, are being unfairly penalized with reduced parliamentary representation.

