പത്തനംതിട്ട: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രത്യാശയുമായി ശബരിമല ക്ഷേത്രത്തിൽ ആയിരങ്ങൾ വിഷുക്കണി ദർശിച്ചു. പുലർച്ചെ മുതൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഭക്തർ സായൂജ്യം നേടി.(Vishu Darshan at Sabarimala, Thousands seek virtue )
വിഷു ദിനമായ ഇന്ന് പുലർച്ചെ 4 മണിക്ക് ദർശനത്തിനായി തിരുനട തുറന്നു. പുലർച്ചെ 4.05 മുതൽ രാവിലെ 7 മണി വരെ ഭക്തർക്ക് വിഷുക്കണി ദർശിക്കാനുള്ള സൗകര്യമൊരുക്കിയിരുന്നു. കണി ദർശനത്തിന് ശേഷം പതിവ് അഭിഷേകം, ഉഷപൂജ, നെയ്യഭിഷേകം എന്നിവ നടക്കും.
മേടമാസ പൂജകളോടനുബന്ധിച്ച് വരും ദിവസങ്ങളിൽ പ്രത്യേക പൂജകൾ ക്ഷേത്രത്തിൽ നടക്കും. ഏപ്രിൽ 17: സഹസ്ര കലശപൂജ, ഏപ്രിൽ 18: സഹസ്ര കലശാഭിഷേകം എന്നിങ്ങനെയാണ്. വിഷു-മേടമാസ പൂജകൾ പൂർത്തിയാക്കി ശനിയാഴ്ച രാത്രി 10 മണിക്ക് ഹരിവരാസനം പാടി തിരുനട അടയ്ക്കും. ദർശനത്തിനെത്തുന്ന ഭക്തർ വെർച്വൽ ക്യൂ വെബ്‌സൈറ്റ് (www.sabarimalaonline.org) വഴി മുൻകൂട്ടി സ്ലോട്ട് ബുക്ക് ചെയ്യേണ്ടതാണ്.

