കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി പ്രിൻസിപ്പൽ രംഗത്ത്. നിതിനെ ചേംബറിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും എന്നാൽ മോശമായി പെരുമാറുകയോ ഫോൺ പിടിച്ചുവെക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Nitin was not mistreated, Principal on Nitin Raj’s death )
അധ്യാപികയായ ലത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിതിനെ ക്യാബിനിലേക്ക് വിളിപ്പിച്ചതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ലോൺ ആപ്പിന് നൽകിയ റഫറൻസ് നമ്പറുകളിൽ അധ്യാപികയുടെ പേര് നൽകിയിട്ടില്ലെന്നാണ് നിതിൻ വ്യക്തമാക്കിയത്. കുടുംബാംഗങ്ങളുടെ നമ്പറുകളാണ് നൽകിയത്. നിതിൻ രാജിന്റെ അമ്മയുടെ പേരും ലത എന്നായതിനാലാകാം ഈ ആശയക്കുഴപ്പമുണ്ടായതെന്നാണ് പ്രിൻസിപ്പൽ പറയുന്നത്.
നിതിൻ എടുത്ത വായ്പയുടെ പേരിൽ അധ്യാപികയുടെ ഫോണിലേക്ക് നിരന്തരം ഭീഷണി കോളുകൾ വന്നിരുന്നു. പ്രിൻസിപ്പലിന്റെ ചേംബറിൽ ഇരിക്കുമ്പോൾ പോലും ഇത്തരം കോളുകൾ വന്നതിനും തെളിവുകളുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. നിതിന്റെ ഫോൺ പ്രിൻസിപ്പൽ പിടിച്ചുവെച്ചു എന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. നിതിൻ തന്നെ ഫോൺ അവിടെ വെച്ച് പോയതാണെന്നാണ് ഇദ്ദേഹത്തിന്റെ ന്യായീകരണം.
ആരോപണവിധേയരായ ഡോ. റാം, സംഗീത മാഡം എന്നിവർ ആ സമയത്ത് ചേംബറിൽ ഉണ്ടായിരുന്നില്ല. സ്റ്റാഫ് റൂം പീഡന കേന്ദ്രമാണെന്ന ശബ്ദരേഖയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ലോൺ ആപ്പ് വിഷയം നിതിന്റെ കുടുംബത്തെ അറിയിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് അവരുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നാണ് പ്രിൻസിപ്പൽ പറയുന്നത്. സംഭവത്തിൽ താൻ നൽകിയ വിശദീകരണങ്ങളും രേഖകളും പോലീസിന് കൈമാറിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. നിതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഈ വിശദീകരണം പുറത്തുവരുന്നത്.

