പാലക്കാട്: ആലത്തൂർ സ്വദേശിനി അസ്നയുടെ (20) മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കൾ. ഭർതൃവീട്ടിൽ അസ്ന കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നതായും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു. (Death of 20-year-old woman, Family against in-laws)
എലിവിഷം ഉള്ളിൽ ചെന്ന നിലയിൽ ചികിത്സയിലായിരുന്ന അസ്ന ഏപ്രിൽ 6-നാണ് മരിച്ചത്. ഭർത്താവും മാതാവും ചേർന്ന് അസ്നയെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തിരുന്നതായി കുടുംബം പറയുന്നു. അസ്ന വിഷം ഉള്ളിൽ ചെന്ന് ആശുപത്രിയിലായ വിവരം ഭർതൃവീട്ടുകാർ തങ്ങളെ അറിയിച്ചില്ല. മരണം സംഭവിച്ചതിന് ശേഷമാണ് വിവരം കൈമാറിയതെന്നും മാതാപിതാക്കൾ ആരോപിച്ചു.
നിലവിൽ പ്ലസ് ടു വിദ്യാർത്ഥിനിയായ അസ്ന പരീക്ഷയ്ക്ക് മാർക്ക് കുറയുമെന്ന പേടിയിൽ ആത്മഹത്യ ചെയ്തു എന്ന് വരുത്തിത്തീർക്കാൻ ഭർതൃവീട്ടുകാർ ശ്രമിക്കുന്നു. എന്നാൽ അസ്ന ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവൾക്ക് പരീക്ഷയെ പേടിയുണ്ടായിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

