ന്യൂഡൽഹി: കർണാടകയിൽ മന്ത്രിസഭാ പുനഃസംഘടന ആവശ്യപ്പെട്ട് മുപ്പതോളം മുതിർന്ന കോൺഗ്രസ് എംഎൽഎമാർ ഹൈക്കമാൻഡിനെ കാണാൻ ഡൽഹിയിലെത്തി. മന്ത്രിസ്ഥാനം ഉറപ്പാക്കുന്നതിനും ഭരണതലത്തിൽ അഴിച്ചുപണി നടത്തുന്നതിനും സമ്മർദ്ദം ചെലുത്തുകയാണ് ഇവരുടെ ലക്ഷ്യം. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കളുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും.(Cabinet reshuffle in Karnataka, Around 30 senior Congress MLAs in Delhi)
മൂന്നും നാലും തവണ മന്ത്രിസ്ഥാനം ലഭിച്ചവർക്ക് വീണ്ടും അവസരം നൽകുന്നതിന് പകരം, ഇതുവരെ പരിഗണിക്കപ്പെടാത്ത നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നാണ് എംഎൽഎമാരുടെ പ്രധാന ആവശ്യം. രണ്ട് വർഷത്തിന് ശേഷം മന്ത്രിസഭയിൽ മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ സൂചന നൽകിയിരുന്നു. എന്നാൽ മൂന്ന് വർഷം പിന്നിട്ടിട്ടും അഴിച്ചുപണി നടക്കാത്തതാണ് എംഎൽഎമാരെ പ്രകോപിപ്പിച്ചത്.
മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾ വേണമെന്നും ഏകദേശം 25 ഓളം പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തണമെന്നുമാണ് ഇവരുടെ ആവശ്യം. അശോക് പത്തൻ, എസ്.എൻ. നാരായണസ്വാമി, കെ. ശദാക്ഷരി, എ.ആർ. കൃഷ്ണമൂർത്തി, പുട്ടരംഗ ഷെട്ടി, ബേലൂർ ഗോപാൽ കൃഷ്ണ തുടങ്ങിയ മുതിർന്ന എംഎൽഎമാരാണ് ഡൽഹിയിലെത്തിയ സംഘത്തിലുള്ളത്. തങ്ങളുടെ നീക്കത്തിൽ വിവാദപരമായി ഒന്നുമില്ലെന്നും സംഘടനാപരമായ ആവശ്യങ്ങൾ നേതൃത്വത്തെ ബോധിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും ടി.ബി. ജയചന്ദ്ര, അശോക് പത്തൻ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു.

