1893, ചിക്കാഗോയിൽ ലോക വ്യാപാര മേള നടന്നിരുന്ന കാലം. കാഴ്ചക്കാരെ ത്രസിപ്പിക്കുന്ന മായാലോകമായിരുന്നു ആ വ്യാപാര മേള. മേള തുടങ്ങി ചുരുങ്ങിയ ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ ചിക്കാഗോയിലേക്ക് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള നിരവധി മനുഷ്യർ എത്തിച്ചേരുന്നു. ഇങ്ങനെ മേളയ്ക്ക് എത്തിയ പലരും അന്തിയുറങ്ങിയിരുന്നത് പട്ടണത്തിന്റെ ഒത്തനടുക്കായി സ്ഥിതിചെയ്യുന്ന കൊട്ടാരം പോലുള്ള വേൾഡ് ഫെയർ ഹോട്ടലിലായിരുന്നു (World’s Fair Hotel).
എന്നാൽ പിൽകാലത്ത് ഈ ഹോട്ടൽ കുപ്രസിദ്ധി നേടുന്നത് അതിനുള്ളിൽ അരങ്ങേറിയ മനുഷ്യ കുരുതിയെ പിൻപറ്റിയാണ്. ഒരുകാലത്ത് ആ ഹോട്ടലിനുള്ളിലേക്ക് പോയ മനുഷ്യർ ആരും പിന്നെ പുറം ലോകം കണ്ടിട്ടില്ല. എച്ച്.എച്ച്. ഹോംസ് (H. H. Holmes) എന്ന കൊലയാളി വേൾഡ് ഫെയർ ഹോട്ടലിന്റെ മറവിൽ നടത്തിയ നരവേട്ടയുടെ കഥകൾ മനുഷ്യ മനസാക്ഷിയെ തന്നെ ഇരുട്ടിലാഴ്ത്തിയിരുന്നു. മനുഷ്യ ശവശരീരങ്ങൾ കൊണ്ട് നിറഞ്ഞ ആ ഹോട്ടലിന് ലോകം നൽകിയ വിളിപ്പേര് കൊലപാതകങ്ങളുടെ കൊട്ടാരം (Castle of Murder) എന്നായിരുന്നു. എച്ച്.എച്ച്. ഹോംസ്, അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ സീരിയൽ കില്ലർ. ചിക്കാഗോയിലെ മൃഗം, വൈറ്റ് സിറ്റിയിലെ പിശാച്, ടോർച്ചർ ഡോക്ടർ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ഹോംസിന്. 1850 നും 1890 കളുടെ കാലയളവിൽ ഹോംസ് കൊലപ്പെടുത്തിയത് 200 ഓളം മനുഷ്യരെ.
1861, മെയ് 16 ന്, ന്യൂ ഹാംഷെയറിലെ ഗിൽമന്റണിലാണ്, ഹെർമൻ വെബ്സ്റ്റർ മഡ്ജെറ്റ് (Herman Webster Mudgett) എന്ന എച്ച്.എച്ച് ഹോംസിന്റെ ജനനം. ഭാര്യയും മക്കളെയും പൊതിരെ തല്ലുമായിരുന്നു ഹെർമന്റെ പിതാവ്. പിതാവിന്റെ കോപത്തിന് നിരന്തരം ഹെർമൻ ഇരയായിരുന്നു. ഈ പീഡനങ്ങളിൽ നിന്നും രക്ഷപ്പെടുവാൻ അവൻ കണ്ടെത്തിയ മാർഗ്ഗം വളരെ വിചിത്രമായിരുന്നു. വീട്ടിലെ വളർത്തു മൃഗങ്ങളോടും, കാട്ടിൽ നിന്നും പിടികൂടി കൊണ്ട് വന്ന ഇഴജന്തുക്കളോടും, ഹെർമൻ തന്റെ അച്ഛനനോടുള്ള ദേഷ്യം തീർത്തു. ആദ്യമൊക്കെ അച്ഛനോടുള്ള ദേഷ്യം തിർക്കുവാനായിരുന്നു മൃഗങ്ങളെ ഉപദ്രവിച്ചിരുന്നത് എങ്കിൽ, പതിയെ ആ രീതികൾ മാറുവാൻ തുടങ്ങി. ശവശരീരങ്ങളോടും അസ്ഥികൂടങ്ങളോടും വല്ലാത്തൊരു താൽപ്പര്യം ഹെർമന് തോന്നി തുടങ്ങി. കെണിവച്ച് വേട്ടയാടിയെ മൃഗങ്ങളുടെ ശരീരത്തിൽ ശസ്ത്രക്രിയകൾ സ്വയം ചെയുവൻ ആരംഭിച്ചു.
ബാല്യം മുതലേ ഒരു കൊലയാളിയുടെ പ്രവണത ആ ബാലനിൽ പ്രകടമായിരുന്നു. എന്നിരുന്നാലും, പഠനത്തിൽ മിടുക്കനായിരുന്നു ഹെർമൻ. പതിനാറാം വയസ്സിൽ സ്കൂൾ പഠനം പൂർത്തിയാക്കിയ ഹെർമൻ, മിഷിഗൺ സർവകലാശാലയിലെ മെഡിക്കൽ സ്കൂളിൽ പ്രവേശനം നേടുന്നു. മെഡിക്കൽ സ്കൂളിലെ പഠനകാലത്താണ് ഹെർമനിലെ കുറ്റവാളി ഉയർത്തെഴുനേൽക്കുന്നത്. പലപ്പോഴായി സർവകലാശാലയിലെ മെഡിക്കൽ ലാബിൽ നിന്നും മൃതദേഹങ്ങൾ മോഷ്ടിക്കുന്നു. അപകടത്തിൽ കൊല്ലപ്പെട്ടതായി തോന്നിപ്പിക്കുന്ന തരത്തിൽ മൃതദേഹങ്ങൾ കത്തിക്കുകയോ വികൃതമാക്കുകയോ ചെയ്യുന്നു. ഇങ്ങനെ അപകട മരണമാണ് എന്ന് വരുത്തി തീർത്ത ശേഷം മരണപ്പെട്ടവരുടെ ഇൻഷുറൻസ് തുക തഞ്ചത്തിൽ തട്ടിയെടുക്കുന്നു.
സ്കൂൾ പഠനം ഏകദേശം പൂർത്തിയായ കാലഘട്ടത്തിലാണ് ഹെർമൻ വിവാഹിതനാകുന്നത്. 1878 ൽ ഹെർമന്, 17 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ വിവാഹിതനാകുന്നു. എന്നാൽ ആ വിവാഹത്തിന് അത്ര വലിയ ആയുസ്സ് ഉണ്ടായിരുന്നില്ല. 1884 ൽ ഭാര്യയുമായി ഹെർമൻ വേർപിരിയുന്നു. ഭാര്യയും മക്കളും ജീവിതത്തിൽ നിന്നും പോയതോടെ, ഹെർമന്റെ ജീവിതം തകിടം മറിയുന്നു. ഒരേസമയം പല സ്ത്രീകളുമായി അയാൾ ബന്ധം സ്ഥാപിക്കുന്നു. ജീവിതം മുന്നോട്ടു കൊണ്ടുപോകാനായി ഹെർമൻ പല പൊടിക്കൈകളും ചെയ്യുന്നു. തട്ടിപ്പും വെട്ടിപ്പുമായി പല വേഷത്തിൽ, ഭാവത്തിൽ, രൂപത്തിൽ അയാൾ സഞ്ചരിച്ചുകൊണ്ടിരുന്നു.
ചിക്കാഗോ പട്ടണത്തിലെ എച്ച് എച്ച് ഹോംസ്
മെഡിക്കൽ പഠനം പൂർത്തിയാക്കിയ ശേഷം 1885 ൽ ചിക്കാഗോയിലേക്ക് ഹെർമൻ താമസം മാറുന്നു. അവിടെ ഡോ. ഹെൻറി എച്ച്. ഹോംസ് എന്ന അപരനാമത്തിൽ ഒരു ഫാർമസിയിൽ ജോലി ചെയ്യുവാൻ ആരംഭിക്കുന്നു. ഫാർമസിയുടെ ഉടമ മരണപ്പെട്ടതോടെ, ഫാർമസിയുടെ നടത്തിപ്പ് ഉത്തരവാദിത്തങ്ങൾ അയാളുടെ ഭാര്യായിൽ അധിഷ്ഠിതമായി. എന്നാൽ തനിക്ക് ഫാർമസി വാങ്ങുവാൻ താൽപ്പര്യമുള്ളതായി ഹോംസ് ആ സ്ത്രീയെ അറിയിക്കുന്നു. എന്നാൽ അധികം വൈകാതെ തന്നെ ആ സ്ത്രീയെ കാണാതെയാകുന്നു. ആ സ്ത്രീയെ കുറിച്ച് അന്വേഷിച്ച് എത്തിയവരോട് അവർ കാലിഫോർണിയയിലേക്ക് താമസം മാറിയെന്ന മറുപടിയാണ് ഹോംസ് നൽകിയത്. എന്നാൽ ശെരിക്കും അവർ എവിടേക്കാണ് പോയത് എന്ന് ഇപ്പോഴും വ്യക്തമല്ല. പിൽക്കാലങ്ങളിൽ പ്രചരിച്ച കഥകളിലൊന്ന്, ഹോംസ് തന്നെയാണ് ഫാർമസിയുടെ നടത്തിപ്പ് അവകാശം കൈക്കലാക്കുവാൻ വേണ്ടി ആ സ്ത്രീയെ കൊലപ്പെടുത്തിയത്.
അധികം വൈകാതെ ഹോംസ് തന്നെ ഫാർമസിയുടെ ഉടമയാക്കുന്നു. ഇതേ കലയാളവിൽ തന്നെ, ഫാർമസിയോട് ചേർന്നുള്ള ഒരു വസ്തു അയാൾ സ്വന്തമാക്കുന്നു. സ്വന്തം നിലയിൽ തന്നെ ഒരു ഹോട്ടൽ രൂപകൽപ്പന ചെയ്യുന്നു. ഹോട്ടലിലൂടെ നീളം നിരവധി രഹസ്യ അറകൾ നിർമ്മിക്കുന്നു. ഈ ഹോട്ടലിന് പ്രദേശവാസികൾ നൽകിയ പേരായിരുന്നു കാസ്ൽ അഥവാ കൊട്ടാരം എന്നത്. 1889 ൽ ഹോട്ടലിന്റെ നിർമ്മാണ വേളയിൽ, ഒട്ടനവധി എൻജിനീയർമാരും, പണിക്കാരും എത്തുന്നു. എന്നാൽ ഒരു നിശ്ചിത കാലയളവിനുള്ളിൽ തന്നെ ഇവരെയെല്ലാം ഹോംസ് പണിസ്ഥലത്തു നിന്നും പറഞ്ഞു വിടുന്നു. തുടർന്ന് പുതിയ ആളുകളെ ജോലിക്കായി എടുക്കുന്നു. ഇങ്ങനെ ഹോട്ടലിന്റെ നിർമ്മാണത്തിനായി അവിടെ എത്തി മടങ്ങിയവർ നിരവധിയാണ്. ഹോംസ് അല്ലാതെ മറ്റാർക്കും ആ ഹോട്ടലിന്റെ പൂർണരൂപത്തെ കുറിച്ച് അറിയില്ല. ഒരുപക്ഷേ ഹോട്ടലിനുള്ളിലെ രഹസ്യ അറകളെ കുറിച്ച് പുറംലോകം അറിയാതിരിക്കാൻ മനപ്പൂർവം ഓരോ തവണയും എഞ്ചിനീയർമാരെയും പണിക്കാരെയും മാറ്റിക്കൊണ്ടിരുന്നത്. അങ്ങനെ പണികളെല്ലാം പൂർത്തിയായി, 1893 ൽ ഹോട്ടൽ തുറന്നു പ്രവർത്തിക്കുന്നു.
ആഡംബര കൊട്ടാരം പോലുള്ള ഹോട്ടലിന്റെ മറവിൽ അരങ്ങേറിയത് ശ്വാസം നിലയ്ക്കുന്ന അരും കൊലകളാണ്. ലോക വ്യാപാരമേള ചിക്കാഗോയിൽ അരങ്ങേറിയിരുന്ന കാലമായിരുന്നു അത്. മേളയ്ക്കായി എത്തിയ പലരും തങ്ങിയിരുന്നത് ഹോംസിന്റെ ഹോട്ടലിലായിരുന്നു. വളരെ തന്ത്രപൂർവ്വം ഹോംസ് തന്റെ ഇരകളെ ഒന്നുകിൽ അയാളുടെ മുറിയിലേക്കോ അല്ലെങ്കിൽ മറ്റൊരു കിടപ്പുമുറിയിലൊക്കെ കൊണ്ടുപോകുന്നു. ഇങ്ങനെ ഹോട്ടലിനുള്ളിൽ എത്തിപ്പെടുന്ന ചിലരെ, ഹോംസിന്റെ മുറിയിലെ വായു കടക്കാത്ത സേഫ്നുള്ളിൽ തള്ളിയിടുന്നു. ശേഷം അവരെ അതിലിട്ട് പൂട്ടുന്നു. ശ്വാസം കിട്ടാതെ മനുഷ്യർ ആ പെട്ടിക്കുള്ളിൽ കിടന്ന് പിടഞ്ഞു മരിക്കുന്നു. മറ്റു ചിലരെ വായു സഞ്ചാരമില്ലാത്ത മുറിക്കുള്ളിൽ ഇട്ട് പൂട്ടിയ ശേഷം, മുറിക്കുള്ളിലേക്ക് പാചകവാതകം കടത്തിവിടുന്നു. ഈ മുറിക്കുള്ളിൽ അകപ്പെട്ട മനുഷ്യരും ശ്വാസം കിട്ടാതെ മരിക്കുന്നു. തന്റെ ഇരകൾ മരണപ്പെട്ടു എന്ന് അറിയുവാൻ വേണ്ടി ഓരോ മുറിക്കുള്ളിലും പ്രത്യേകം തയ്യാറാക്കിയ ചെറിയ ദ്വാരങ്ങൾ ഉണ്ടായിരുന്നു. ഇരയെ മുറിയിലാക്കി പൂട്ടി, പാചകവാതകം കടത്തിവിടുന്നു, ശേഷം ഈ ദ്വാരത്തിലൂടെ അവർ പിടഞ്ഞു മരിക്കുന്നത് അയാൾ നോക്കി നിൽക്കുന്നു. ഇരകൾ മരണപ്പെട്ടുവെന്ന് ഉറപ്പുവരുത്തി കഴിഞ്ഞ്, ഹോട്ടലിലെ രഹസ്യ നിലവറയിലേക്ക് ശവശരീരങ്ങൾ കൊണ്ടുപോകുന്നു. തുടർന്ന് അവ ദഹിപ്പിക്കുന്നു. ചിലരുടെ ശവശരീരങ്ങൾ ആസിഡ് ഉപയോഗിച്ച് അലിയിച്ചുകളയുന്നു.
ഇങ്ങനെ കത്തിച്ചും അലിയിച്ചും ശവശരീരങ്ങളിൽ നിന്ന് അസ്ഥികൂടങ്ങൾ വേർതിരിച്ചെടുക്കുന്നു. ശേഷം ഇവ മെഡിക്കൽ സ്കൂളിലേക്ക് വിൽക്കുന്നു. വൈദ്യശാസ്ത്രം പുരോഗമനത്തിന്റെ പാതയിലായിരുന്ന ആ കാലത്ത്, വൈദ്യ വിദ്യാർത്ഥികൾക്ക് പഠനത്തിനായി മനുഷ്യ ശവശരീരങ്ങൾ ആവശ്യമായിരുന്നു. ഇങ്ങനെ തന്റെ ഇലകളെ കൊന്ന് അവരുടെ അസ്ഥികൂടങ്ങൾ വേർതിരിച്ച് എടുത്ത ശേഷം അവ മെഡിക്കൽ കോളേജുകളിലേക്ക് വിൽക്കുന്നു. ഇതിലൂടെ പ്രതിമാസം നല്ലൊരു തുക ഹോംസ് സ്വന്തമാക്കിയിരുന്നു. എന്നാൽ 1893 ഓടെ ചിക്കാഗോയിലെ ലോക വിപണന മേളയ്ക്ക് അവസാനമാകുന്നു. അതോടെ ഹോട്ടലിലേക്ക് സഞ്ചാരികളുടെ വരവ് കുറയുന്നു. സഞ്ചാരികൾ എത്തിയില്ലെങ്കിൽ അസ്ഥികൂടങ്ങൾ വിറ്റ് കാശുണ്ടാക്കാൻ കഴിയില്ലെന്ന് മനസ്സിലാകുന്നു ഹോംസ് പണം സമ്പാദിക്കുന്നതിനായി പുതിയൊരു മാർഗം കണ്ടെത്തുന്നു.
ഹോംസിന്റെ ഇൻഷുറൻസ് തട്ടിപ്പ്
ഇൻഷുറൻസ് തട്ടിപ്പിന് മുൻപായി പത്രങ്ങളിൽ ഒരു പരസ്യം നൽകുന്നു. തന്റെ ഹോട്ടലിൽ ജോലി ചെയ്യുവാൻ സ്ത്രീ ജോലിക്കാരെ ആവശ്യമുണ്ടെന്ന പരസ്യം. ഈ പരസ്യം കണ്ട് പലരും ജോലിക്കായി ഹോട്ടലിൽ എത്തുന്നു. ജോലിക്കാർക്ക് സൗജന്യമായി താമസ സ്ഥലവും ഭക്ഷണവും നൽകുന്നു. ഇവയോടൊപ്പം അവർക്ക് സൗജന്യമായി ലൈഫ് ഇൻഷുറൻസ് പോളിസികൾ നൽകുന്നു. എന്നാൽ ഇങ്ങനെ ജോലിക്കാർക്ക് നൽകിയ ഇൻഷുറൻസിന്റെ നോമിനി ഹോംസായിരിക്കും. ഇങ്ങനെ ഹോംസിന്റെ വാക്കുകൾ കേട്ട് ഇൻഷുറൻസ് എടുക്കുന്നവർ ആദ്യമൊക്കെ കരുതിയിരുന്നത് തങ്ങളോടുള്ള സ്നേഹം കൊണ്ടാകാം അയാൾ ഇൻഷുറൻസ് എടുക്കുവാൻ നിർബന്ധിച്ചെതെന്ന്. സ്നേഹത്തിന്റെയും കരുണയുടെയും തിരശ്ശീലക്ക് പിന്നിൽ തങ്ങളുടെ ജീവൻ അപഹരികുവാൻ കാത്തിരിക്കുന്ന മൃഗമാണ് ഹോംസ് എന്ന് അവർ ആരും തന്നെ തിരിച്ചറിഞ്ഞില്ല.
ജോലിക്കായി അവിടെ എത്തിയത് നിരവധി സ്ത്രീകളെ കൊലപ്പെടുത്തുന്നു. ശേഷം അവരുടെ ഇൻഷുറൻസ് തട്ടിയെടുക്കുന്നു. ഹോംസ് ഇൻഷുറൻസിന്റെ പേരിലുള്ള ഈ കൊലപാതകങ്ങൾ ചെയ്തുകൂട്ടുന്നത് ബെഞ്ചമിൻ പിറ്റേസൽ എന്ന ജോലിക്കാരന്റെ സഹായത്തോടുകൂടിയായിരുന്നു. ഒടുവിൽ ഇൻഷുറൻസ് തുകയ്ക്കായി ബെഞ്ചമിൻ പിറ്റേസലിനെയും കൊലപ്പെടുത്തുന്നു. അങ്ങനെ ഇൻഷുറൻസ് തുകയായ പതിനായിരം ഡോളർ സ്വന്തമാക്കുന്നു. എന്നാൽ ഈ തട്ടിപ്പ് ഹോംസ്, അയാൾക്ക് വേണ്ടി സ്വയം ഉരുക്കിയ കെണിയായിരുന്നു. ബെഞ്ചമിനെ കൊല്ലാൻ കൂട്ടുനിന്ന സഹായിക്ക് ഹോം നൽകിയ പ്രതിഫലം കുറഞ്ഞതിന്റെ പേരിൽ അയാൾ ഹോംസിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പോലീസിനെ അറിയിക്കുന്നു. വൈകാതെ ഹോംസിനെ തേടി അയാളുടെ കൊട്ടാരത്തിൽ പോലീസ് എത്തുന്നു. ഹോംസിന്റെ വീടിനുള്ളിൽ നിന്ന് നിരവധി അസ്ഥികൂടങ്ങൾ കണ്ടെത്തുന്നു. ഹോംസിന്റെ ഹോട്ടലിൽ ഉള്ളിലേക്ക് നിരവധിപേർ പോയതായും, എന്നാൽ ഉള്ളിലേക്ക് പോയവർ ആരും തന്നെ പിന്നീട് ഹോട്ടലിനു പുറത്തുവരുന്നത് കണ്ടിട്ടില്ലെന്നും ചിലർ മൊഴി നൽകുന്നു. ഇങ്ങനെ ഹോട്ടലിൽ നിന്ന് ലഭിച്ച തെളിവുകളുടെയും ദൃക്സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ ഹോംസ് കുറ്റക്കാരനാണ് എന്ന് തെളിയുന്നു. തുടർന്ന് 1895 ന്റെ പകുതിയോടെ കോടതി ഹോംസിനെ വധശിക്ഷയ്ക്ക് വിധിക്കുന്നു. 1896 മെയിൽ ഹോംസിനെ തുക്കിലേറ്റുന്നു.
ഹോംസിന് ഒരു കൊലപാതകി എന്ന പരിവേഷം നേടിക്കൊടുക്കുന്നതിൽ അയാളുടെ ബാല്യത്തിനും കൗമാരത്തിനും പ്രാധാന പങ്കുണ്ട്. ഹെർമൻ എന്ന ഹോംസിൽ ആത്മാനുരാഗം വ്യക്തിത്വ വൈകല്യം എന്ന അവസ്ഥ അതിതീവ്രമായിരുന്നു. താൻ എല്ലാവരിൽ നിന്നും കേമൻ എന്ന ചിന്ത, തനിക്ക് മുകളിൽ ഒന്നുമില്ല എന്ന അഹന്ത. ഹോംസിന്റെ ഈ മനോഭാവമാണ് അയാളെ കുറ്റകൃത്യങ്ങലൂടെ ലോകത്തേക്ക് എത്തിക്കുന്നത്. ഹോംസ് തന്റെ ഇരകളെ കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നില്ല എന്ന് പിൽക്കാലത്ത് നടത്തിയ പല പഠനങ്ങളിലും വിവരിക്കുന്നുണ്ട്. സാമ്പത്തിക ലാഭമുണ്ടാക്കുമെന്ന് ഉറപ്പുള്ളവരെയും, തന്നെ പോലീസിൽ ഒറ്റിക്കൊടുക്കുമെന്ന് സംശയിച്ചവരെയുവുമാണ് ഹോംസ് കൊലപ്പെടുത്തിയത്. പരമ്പര കൊലയാളി അഥവാ സീരിയൽ ചില്ലർ എന്ന വാക്ക് ലോകത്തിനു മുന്നിൽ സുപരിചിതമാക്കുന്നത് ഹോംസിലൂടെയാണ്. തെളിവുകളുടെ അടിസ്ഥാനത്തിൽ ഹോം കൊലപ്പെടുത്തിയവരുടെ എണ്ണം 27 ആണെങ്കിലും, 200 ഓളം മനുഷ്യ ജീവൻ കൊലപാതകങ്ങളുടെ കൊട്ടാരത്തിനുള്ളിൽ പൊലിഞ്ഞിട്ടുണ്ടാകാം.
Summary: H. H. Holmes was a 19th-century American serial killer and con artist who gained notoriety for his “Murder Castle” in Chicago, a building designed with secret chambers and trapdoors to facilitate his crimes. Though he confessed to 27 murders, he was ultimately convicted and executed in 1896 for the killing of his associate, Benjamin Pitezel. His life and the grim events surrounding the 1893 World’s Fair were later popularized in the bestselling book The Devil in the White City.

