പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി പരാതി. വോട്ടർമാർ ബൂത്തിലെത്തുന്നതിന് മുൻപേ മറ്റാരോ വോട്ട് രേഖപ്പെടുത്തിയതായാണ് ആക്ഷേപം ഉയർന്നത്. അതേസമയം, സംസ്ഥാനത്തുടനീളം ആവേശകരമായ പോളിങ് ശതമാനമാണ് രേഖപ്പെടുത്തുന്നത്.(Assembly elections, Complaints of fake votes at four places in Ottapalam)
ഒറ്റപ്പാലം മീറ്റ്ന സീനിയർ ബേസിക് സ്കൂളിലെ 168, 169 ബൂത്തുകൾ, പടിഞ്ഞാർക്കര എൽപി സ്കൂളിലെ 163-ാം ബൂത്ത്, അമ്പലപ്പാറ എഎൽപി സ്കൂളിലെ 98-ാം നമ്പർ ബൂത്ത് എന്നിവിടങ്ങളിലാണ് കള്ളവോട്ട് പരാതി ഉയർന്നത്. സ്വന്തം വോട്ട് മറ്റാരോ ചെയ്തതിനെത്തുടർന്ന് പ്രതിഷേധിച്ച വോട്ടർമാർക്ക്, നിയമപ്രകാരമുള്ള ‘ടെൻഡർ വോട്ട്’ ചെയ്യാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അവസരം നൽകി. സംഭവത്തിൽ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
വോട്ടെടുപ്പ് പകുതി സമയം പിന്നിടുമ്പോൾ സംസ്ഥാന ശരാശരി 40 ശതമാനം കടന്നു. രാവിലെ മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ വോട്ടർമാരുടെ നീണ്ട നിരയാണ് ബൂത്തുകളിൽ ദൃശ്യമാകുന്നത്. നിലവിലെ ട്രെൻഡ് തുടരുകയാണെങ്കിൽ ഇത്തവണ പോളിങ് ശതമാനം 80 കടക്കുമെന്നാണ് വിലയിരുത്തൽ.

