ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ യാഥാർത്ഥ്യമാക്കുന്നതിൽ ചൈന നിർണ്ണായക പങ്ക് വഹിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകൾക്ക് ഇറാനെ പ്രേരിപ്പിക്കുന്നതിൽ ചൈനീസ് നയതന്ത്രം പ്രവർത്തിച്ചോ എന്ന ചോദ്യത്തിന് അനുകൂലമായ മറുപടിയാണ് ട്രംപ് നൽകിയത്. പാകിസ്താൻ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ അംഗീകരിക്കാൻ ഇറാനെ പ്രേരിപ്പിച്ചത് ചൈനയുടെ ഇടപെടലാണെന്ന് റിപ്പോർട്ടുകളുണ്ട്.(US-Iran ceasefire, Trump confirms China’s involvement)
പശ്ചിമേഷ്യയിലെ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയിൽ ചൈന നേരത്തെ തന്നെ സമാധാനത്തിനായി രംഗത്തുണ്ടായിരുന്നു. ഇറാന്റെ പ്രധാന വ്യാപാര പങ്കാളി എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് പാകിസ്താൻ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളെ മധ്യസ്ഥരാക്കി ചൈന ചർച്ചകൾക്ക് വഴിയൊരുക്കുകയായിരുന്നുവെന്നാണ് സൂചന.
സമാധാന ചർച്ചകൾക്കായി പത്ത് പ്രധാന നിബന്ധനകളടങ്ങിയ പദ്ധതിയാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ടവ ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പരിപാടിക്ക് അമേരിക്ക അംഗീകാരം നൽകണം, ഇറാനുമേൽ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ സാമ്പത്തിക ഉപരോധങ്ങളും നീക്കം ചെയ്യുകയും മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുകയും വേണം, മിഡിൽ ഈസ്റ്റിൽ നിന്ന് അമേരിക്കൻ സൈന്യം പൂർണ്ണമായും പിന്മാറണം, ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഇറാന്റെ കൈവശമായിരിക്കണം, ഇറാനെതിരായ എല്ലാവിധ സൈനിക നടപടികളും അവസാനിപ്പിക്കണം, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി പ്രമേയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം ചർച്ചകൾ എന്നിവയാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾ ഏപ്രിൽ 11-ന് പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ആരംഭിക്കും. സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുമെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അറിയിച്ചു. മേഖലയിൽ സുസ്ഥിരമായ സമാധാനം ഉറപ്പാക്കുന്ന ഒരു കരാറിലെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

