ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് മാർച്ച് 31-ന് തട്ടിക്കൊണ്ടുപോയ അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ വിട്ടയച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇവരെ മോചിപ്പിച്ചത്. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ മോചനവാർത്ത സ്ഥിരീകരിക്കുകയും ഷെല്ലി സുരക്ഷിതമായി അമേരിക്കയിലേക്ക് മടങ്ങുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു.(American journalist Shelly Kittleson released from captivity in Iraq)
ഇറാൻ അനുകൂല സായുധ ഗ്രൂപ്പായ കതൈബ് ഹിസ്ബുള്ളയാണ് ഷെല്ലിയെ തട്ടിക്കൊണ്ടുപോയതെന്ന് മാർക്കോ റൂബിയോ വ്യക്തമാക്കി. “പ്രസിഡന്റ് ട്രംപിന്റെ ഭരണത്തിന് കീഴിൽ അമേരിക്കൻ പൗരന്മാരെ തടഞ്ഞുവെക്കുന്നതോ തട്ടിക്കൊണ്ടുപോകുന്നതോ വെച്ചുപൊറുപ്പിക്കില്ല. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ മറുപടി പറയേണ്ടി വരും,” അദ്ദേഹം എക്‌സിൽ കുറിച്ചു. അമേരിക്കൻ ഏജൻസികളായ എഫ്.ബി.ഐ, പ്രതിരോധ വകുപ്പ് എന്നിവർക്കൊപ്പം ഇറാഖ് ഭരണകൂടത്തിനും അദ്ദേഹം നന്ദി അറിയിച്ചു.
ഷെല്ലി കിറ്റിൽസണെ മോചിപ്പിക്കുന്നതിന് കതൈബ് ഹിസ്ബുള്ള ചില നിബന്ധനകൾ മുന്നോട്ടുവെച്ചിരുന്നു. ഷെല്ലി ഉടൻ തന്നെ ഇറാഖ് വിടണമെന്നാണ് സായുധ സംഘത്തിന്റെ പ്രധാന ആവശ്യം. സിറിയയിലെ യുഎസ് ബേസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഇറാഖ് അധികൃതർ തടവിലാക്കിയ തങ്ങളുടെ ആറ് അംഗങ്ങളെ വിട്ടയക്കുന്നതിന് പകരമായാണ് ഷെല്ലിയെ മോചിപ്പിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. ഇത്തരം ‘മൃദുസമീപനം’ ഇനി മേലിൽ ഉണ്ടാവില്ലെന്നും സായുധ സംഘം പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.
മാർച്ച് 31-ന് ബാഗ്ദാദിലെ ഒരു തെരുവിൽ നിന്നാണ് ഷെല്ലിയെ രണ്ട് വാഹനങ്ങളിലായെത്തിയ സംഘം പിടികൂടിയത്. പിന്തുടർന്ന പൊലീസിന്റെ കാറിൽ തട്ടി ഒരു വാഹനം അപകടത്തിൽപ്പെട്ടെങ്കിലും രണ്ടാമത്തെ കാറിൽ ഷെല്ലിയെ സംഘം കടത്തിക്കൊണ്ടുപോവുകയായിരുന്നു. സായുധ സംഘത്തിന്റെ നേതാക്കൾ ഒളിവിൽ പോയതിനാൽ മോചനത്തിനായുള്ള ചർച്ചകൾ ഏറെ സങ്കീർണ്ണമായിരുന്നു.

