ടെഹ്‌റാൻ: ഇറാനെതിരായ സൈനിക നീക്കങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, സമാധാന കരാർ അംഗീകരിക്കുന്നതായി ഇറാൻ വ്യക്തമാക്കി. ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്.(Iran accepts Trump’s ceasefire proposal, Will open the Strait of Hormuz)
“ഇറാനെതിരായ ആക്രമണങ്ങൾ നിർത്തിയാൽ, ഞങ്ങളുടെ ശക്തമായ സായുധ സേനയും പ്രതിരോധ നടപടികൾ അവസാനിപ്പിക്കും,” അരാഗ്ചി കുറിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അശ്രാന്ത പരിശ്രമം നടത്തിയ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനോടും ഫീൽഡ് മാർഷൽ അസിം മുനീറിനോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
സമാധാന ചർച്ചകൾക്കായി അമേരിക്ക മുന്നോട്ടുവെച്ച 15 ഇന നിർദ്ദേശങ്ങളും, ഇറാൻ സമർപ്പിച്ച 10 ഇന നിർദ്ദേശങ്ങളുടെ പൊതുവായ ചട്ടക്കൂടും അടിസ്ഥാനമാക്കി ചർച്ചകൾക്ക് തയ്യാറാണെന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ വ്യക്തമാക്കി. വെടിനിർത്തൽ കാലയളവിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ ഇറാൻ സമ്മതിച്ചിട്ടുണ്ട്. ഇറാന്റെ സായുധ സേനയുടെ ഏകോപനത്തോടെയും സാങ്കേതിക പരിമിതികൾ കണക്കിലെടുത്തും ഈ വഴി സുരക്ഷിതമായ യാത്ര ഉറപ്പാക്കും.
ഇറാന്റെ ഊർജ്ജ നിലയങ്ങൾക്കും പാലങ്ങൾക്കും നേരെ ആക്രമണം നടത്താൻ നിശ്ചയിച്ചിരുന്ന സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. പാകിസ്ഥാൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ താൻ അംഗീകരിക്കുന്നതായി ട്രംപ് വ്യക്തമാക്കി. “ഇതൊരു ഉഭയകക്ഷി വെടിനിർത്തലാണ്. അമേരിക്ക ഇതിനകം തന്നെ തങ്ങളുടെ സൈനിക ലക്ഷ്യങ്ങൾ കൈവരിച്ചു കഴിഞ്ഞു. ഇറാനുമായുള്ള ദീർഘകാല സമാധാന കരാറിന്റെ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ഇറാൻ സമർപ്പിച്ച 10 ഇന നിർദ്ദേശങ്ങൾ ചർച്ചകൾക്ക് അനുയോജ്യമായ അടിത്തറയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” ട്രംപ് പറഞ്ഞു. ഈ തർക്കം പരിഹാരത്തിലേക്ക് നീങ്ങുന്നത് അഭിമാനകരമാണെന്നും, വരും ആഴ്ചകളിൽ കരാറിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഹോർമുസ് കടലിടുക്ക് ഉടനടിയും സുരക്ഷിതമായും തുറന്നുകൊടുക്കണമെന്ന കർശന നിബന്ധനയിലാണ് ഈ വെടിനിർത്തലെന്ന് ട്രംപ് പ്രത്യേകം ഓർമ്മിപ്പിച്ചു.

