തിരുവനന്തപുരം: നീണ്ടുനിന്ന ആവേശകരമായ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം. കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന് വൈകുന്നേരത്തോടെ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നടക്കും. ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥികളും അണികളും ശക്തിപ്രകടനം നടത്തി വോട്ടർമാരെ അവസാനമായി കയ്യിലെടുക്കാനുള്ള ഒരുക്കത്തിലാണ്.(Kerala Assembly Elections, Campaigning ends today)
ദേശീയ നേതാക്കളുടെ വലിയ നിര തന്നെ ഇത്തവണ കേരളത്തിൽ ക്യാമ്പ് ചെയ്ത് പടയോട്ടം നടത്തിയത് തെരഞ്ഞെടുപ്പ് ആവേശത്തിന് മാറ്റുകൂട്ടി. നാളെ നിശ്ശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ കേരളം വിധിയെഴുതും. വികസന നേട്ടങ്ങൾ വോട്ടായി മാറുമെന്നും തെക്കൻ കേരളത്തിലെ ആധിപത്യം നിലനിർത്തി ഭരണത്തുടർച്ച ഉറപ്പാക്കാമെന്നും ഇടതുമുന്നണി വിശ്വസിക്കുന്നു.
ഭരണവിരുദ്ധ വികാരവും ശബരിമല ഉൾപ്പെടെയുള്ള വൈകാരിക വിഷയങ്ങളും അനുകൂലമാകുമെന്നും അധികാരം തിരിച്ചുപിടിക്കാമെന്നുമാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. ഇത്തവണ ‘കറുത്ത കുതിരകളായി’ മാറുമെന്നും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ അക്കൗണ്ട് തുറക്കാൻ കഴിയുമെന്നും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ പ്രതീക്ഷിക്കുന്നു.
അവസാന ആഴ്ചകളിൽ വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും കൊണ്ട് കലുഷിതമായിരുന്നു വടക്കൻ കേരളത്തിലെ പ്രചാരണ രംഗം. വയനാട് ദുരന്തബാധിതർക്കായുള്ള ഫണ്ട് വിനിയോഗത്തെക്കുറിച്ചുള്ള തർക്കങ്ങളും പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദവും അവസാന നിമിഷം വരെ ചർച്ചയായി. എങ്കിലും തങ്ങളുടെ കോട്ടകൾ സുരക്ഷിതമാണെന്ന് എൽഡിഎഫ് അവകാശപ്പെടുമ്പോൾ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ വൻ മുന്നേറ്റം നടത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. വടക്കൻ കേരളത്തിൽ ഇക്കുറി അത്ഭുതങ്ങൾ സംഭവിക്കുമെന്നാണ് എൻഡിഎയുടെ നിലപാട്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ പരസ്യപ്രചാരണം അവസാനിക്കുന്നതോടെ മൈക്ക് അനൗൺസ്മെന്റുകളും റാലികളും നിലയ്ക്കും. തുടർന്ന് നിശ്ശബ്ദ പ്രചാരണത്തിലേക്ക് മുന്നണികൾ കടക്കും.

