വാഷിംഗ്ടൺ: യുഎസ് നാവികസേനയിൽ ക്യാപ്റ്റൻ പദവിയിൽ നിന്നും വൺ-സ്റ്റാർ അഡ്മിറൽ റാങ്കിലേക്ക് പ്രമോഷൻ ലഭിക്കേണ്ടവരുടെ പട്ടികയിൽ നിന്നും വനിതകളെയും കറുത്തവർഗ്ഗക്കാരെയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് വെട്ടിമാറ്റിയത് വലിയ വിവാദത്തിന് തിരികൊളുത്തുന്നു (US Navy Promotion List Women Cut). നാവികസേന പ്രമോഷനായി തിരഞ്ഞെടുത്ത 31 ഉദ്യോഗസ്ഥരുടെ പട്ടികയിൽ നിന്നാണ് മൂന്ന് വനിതകളും രണ്ട് കറുത്തവർഗ്ഗക്കാരും ഉൾപ്പെടെ ഒൻപത് പേരെ പ്രതിരോധ സെക്രട്ടറി അസാധാരണ ഇടപെടലിലൂടെ ഒഴിവാക്കിയത്. ഇതോടെ ഈ വർഷം യുഎസ് നാവികസേനയിൽ ഒരൊറ്റ വനിത പോലും വൺ-സ്റ്റാർ അഡ്മിറൽ പദവിയിലേക്ക് ഉയർത്തപ്പെടില്ലെന്ന് ഉറപ്പായി. നാവികസേനാ ഓഫീസർമാരിൽ നാലിലൊന്ന് (25%) വനിതകളായിരിക്കെയാണ് ഈ അസാധാരണ നടപടി.
മുൻ നാവികസേനാ സെക്രട്ടറി ജോൺ ഫെലാൻ, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ എന്നിവരടങ്ങുന്ന പ്രൊമോഷൻ ബോർഡ് കൃത്യമായ മാനദണ്ഡങ്ങൾ പരിശോധിച്ച് അംഗീകരിച്ച പട്ടികയാണ് പ്രതിരോധ സെക്രട്ടറി അട്ടിമറിച്ചത്. സൈന്യത്തിലെ ഉയർന്ന പദവികളിൽ വംശീയ-ലിംഗ കോട്ടകൾ അനുവദിക്കില്ലെന്നും യോഗ്യത മാത്രമായിരിക്കും മാനദണ്ഡമെന്നുമാണ് പെന്റഗണിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ മുൻപ് നാവികസേനയുടെ തലപ്പത്തുണ്ടായിരുന്ന അഡ്മിറൽ ലിസ ഫ്രാഞ്ചെറ്റിയെയും മറ്റ് രണ്ട് വനിതാ ത്രീ-സ്റ്റാർ അഡ്മിറൽമാരെയും വ്യക്തമായ കാരണങ്ങളില്ലാതെ ഹെഗ്സെത് നേരത്തെ പുറത്താക്കിയിരുന്നു. ഈ തുടർച്ചയായ നടപടികൾ സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥരുടെ കരിയർ വളർച്ചയ്ക്ക് മേൽത്തട്ട്
നിശ്ചയിക്കുന്നതാണെന്നും തങ്ങളുടെ കരിയർ രാഷ്ട്രീയവൽക്കരിക്കപ്പെടുമെന്ന ആശങ്ക വർദ്ധിപ്പിക്കുന്നതായും പേര് വെളിപ്പെടുത്താത്ത യുഎസ് നാവികസേനാ ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയോട് പ്രതികരിച്ചു.
Summary: U.S. Defense Secretary Pete Hegseth has triggered intense scrutiny within the military after striking nine officers, including all three selected women and two Black men, from the Navy’s promotion list to the rank of one-star admiral. The unusual intervention altered an initial list of 31 highly qualified captains approved by former Navy Secretary John Phelan and Joint Chiefs Chairman Gen. Dan Caine.

