കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷമായ അഴിമതി ആരോപണങ്ങളും രാഷ്ട്രീയ വിമർശനങ്ങളുമായി പി.വി. അൻവർ. താൻ ആരെയും വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും ഉന്നയിച്ച വികസന കാര്യങ്ങളിൽ മറുപടി നൽകാൻ റിയാസ് തയ്യാറാകണമെന്നും അൻവർ ആവശ്യപ്പെട്ടു. (Campaign will continue, PV Anvar against PA Mohammed Riyas without any hesitation)
ടൂറിസം വകുപ്പിന്റെ പേരിൽ വ്യാപകമായ കൊള്ളയാണ് നടക്കുന്നത്. വെറും രണ്ട് മിനിറ്റ് ദൈർഘ്യമുള്ള നാല് വീഡിയോ റീലുകൾ നിർമ്മിക്കാൻ 49 ലക്ഷം രൂപ ചെലവാക്കിയെന്ന വാർത്തയിൽ മന്ത്രി മറുപടി പറയണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തി പണം പിരിച്ചുവെന്നും, ഇതിന്റെ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും പറഞ്ഞ അൻവർ, ആവശ്യമാണെങ്കിൽ സ്ക്രീൻ വെച്ച് ഇത് പ്രദർശിപ്പിക്കാൻ തയ്യാറാണെന്നും വെല്ലുവിളിച്ചു.
അമിതാധികാരത്തെയാണ് താൻ ‘മരുമോനിസം’ എന്ന് വിളിക്കുന്നത്. ആ പ്രചാരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ അൻവറിന്റെ ഈ വെളിപ്പെടുത്തലുകൾ രാഷ്ട്രീയ അന്തരീക്ഷത്തെ ചൂടുപിടിപ്പിച്ചിരിക്കുകയാണ്.

