ബെംഗളൂരു: പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ യാത്രക്കാർക്ക് ഇരുട്ടടിയുമായി ദേശീയപാത അതോറിറ്റിയുടെ ടോൾ നിരക്ക് വർദ്ധന. ഏപ്രിൽ 1 മുതൽ രാജ്യത്തെ പ്രധാന പാതകളിൽ 3 ശതമാനം മുതൽ 5 ശതമാനം വരെ വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ, വിമാനത്താവളത്തിലേക്കുള്ള ബല്ലാരി റോഡ് തുടങ്ങി കർണാടകയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും പ്രധാന പാതകളിൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.(Toll hike on national highways, Know the new rates)
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവള പാതയിലെ യാത്രക്കാർക്ക് തിരിച്ചുവരവ് നിരക്കിലും മാസ പാസിലുമാണ് വർദ്ധനവുണ്ടായിരിക്കുന്നത്. കാറുകൾക്ക് ഒരു വശത്തേക്ക് 120 രൂപയാണ്. എന്നാൽ ഇരുവശത്തേക്കുമായി 185 രൂപ നൽകണം. മാസ പാസ് നിരക്ക് 4,070 രൂപ ആയി ഉയർന്നു. ചെറിയ ചരക്ക് വാഹനങ്ങൾക്ക് ഒരു വശത്തേക്ക് ₹190, ഇരുവശത്തേക്കും ₹280. ട്രക്കുകൾ/ബസുകൾ എന്നിവയ്ക്ക് ഒരു വശത്തേക്ക് ₹375, ഇരുവശത്തേക്കും ₹565.
ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള വൺവേ യാത്രയ്ക്ക് ഇനി മൊത്തം 355 രൂപ ടോൾ നൽകേണ്ടി വരും. കണിമിണിക്കി പ്ലാസയിൽ കാറുകൾക്ക് വൺവേ യാത്രയ്ക്ക് 180 രൂപ, ഇരുവശത്തേക്ക് 265 രൂപ എന്നിങ്ങനെയാണ്. ഗണഗുരു പ്ലാസ: വൺവേ – ₹175, ഇരുവശത്തേക്കും – ₹260 എന്നിങ്ങനെയാണ്നിരക്ക്.
സാറ്റലൈറ്റ് ടൗൺ റിങ് റോഡിൽ കാറുകൾക്ക് 5 രൂപയുടെ വർദ്ധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. നെല്ലൂർ-ദേവനഹള്ളി പ്ലാസയിൽ ഒരു വശത്തേക്ക് ₹75-ഉം ഇരുവശത്തേക്കുമായി ₹125-ഉം നൽകണം. ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയിൽ നിലവിൽ പ്രവർത്തനസജ്ജമായ 72 കിലോമീറ്റർ ദൂരത്തിന് നാല് പ്ലാസകളിലായി കാറുകൾക്ക് വൺവേയ്ക്ക് ഏകദേശം ₹150 വരെയും ഇരുവശത്തേക്കുമായി ₹225 വരെയും നൽകണം. പണി പൂർത്തിയാകാത്തതിനാൽ എക്സ്പ്രസ് വേ നിരക്കിന് പകരം സാധാരണ ദേശീയപാതാ നിരക്കാണ് ഇപ്പോൾ ഈടാക്കുന്നത്. ദേവനഹള്ളി, ചിക്കബല്ലാപ്പൂർ തുടങ്ങിയ പട്ടണങ്ങളിലേക്കുള്ള പതിവ് യാത്രക്കാർക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.

