കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ഫെഫ്കയുടെ വിവിധ യൂണിയനുകളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഡയറക്ടേഴ്‌സ് യൂണിയൻ, റൈറ്റേഴ്‌സ് യൂണിയൻ എന്നിവയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അദ്ദേഹത്തെ നീക്കിയത്.(Sexual assault case, Director Ranjith suspended from FEFKA)
രഞ്ജിത്തിനെ സസ്‌പെൻഡ് ചെയ്തതായി ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് രൺജി പണിക്കരും ജനറൽ സെക്രട്ടറി ജി.എസ്. വിജയനും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഇതിന് പിന്നാലെ റൈറ്റേഴ്‌സ് യൂണിയനിൽ നിന്നും പുറത്താക്കിയതായി പ്രസിഡന്റ് ബാലചന്ദ്രൻ ചുള്ളിക്കാടും ജനറൽ സെക്രട്ടറി ബെന്നി പി. നായരമ്പലവും വ്യക്തമാക്കി.
ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടികൾ. കൊച്ചിയിൽ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിലവിൽ അദ്ദേഹത്തെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി. കസ്റ്റഡിയിലെടുത്ത ശേഷം ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞതിനെത്തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ വിദഗ്ധ പരിശോധനയിൽ മറ്റ് തടസ്സങ്ങളില്ലെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതോടെയാണ് റിമാൻഡ് നടപടികളിലേക്ക് പോലീസ് കടന്നത്.
രഞ്ജിത്തിന്റെ അഭിഭാഷകൻ കോടതിയിൽ ജാമ്യാപേക്ഷ ഫയൽ ചെയ്തിട്ടുണ്ട്. ലൈംഗിക പീഡനക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചു. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് രഞ്ജിത്ത് കോടതിയിൽ വാദിച്ചത്. അതേസമയം, പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് പോലീസ്.
താൻ മോശമായ ആരോഗ്യസ്ഥിതിയിൽ ആണെന്നും ഒരാൾക്ക് മേൽ ബലം പ്രയോഗിക്കാനുള്ള ശാരീരിക കരുത്ത് തനിക്കില്ലെന്നും രഞ്ജിത്ത് കോടതിയെ അറിയിച്ചു. തനിക്ക് സിനിമയിലും പുറത്തും നിരവധി ശത്രുക്കളുണ്ട്. അവരുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ പരാതി. നടി ഇതുവരെ ആഭ്യന്തര പരാതി പരിഹാര സെല്ലിന് മുന്നിൽ പരാതി നൽകിയിട്ടില്ല എന്നും, അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കാൻ തയ്യാറാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. സംഭവം നടന്നുവെന്ന് പറയപ്പെടുന്ന കാരവാൻ കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്. ഇതിനായി പ്രതിയെ ലൊക്കേഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും പോലീസ് കോടതിയെ അറിയിച്ചു. പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

