മോസ്കോ: ക്രിമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നു വീണ് വിമാനത്തിലുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടു. റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.(Russian military plane crashes in Crimea, 29 dead)
സാധാരണ ഗതിയിലുള്ള പറക്കലിനിടെ അധികൃതരുമായുള്ള ബന്ധം നഷ്ടപ്പെട്ട അന്റോനോവ്-26 വിമാനത്തിന്റെ അവശിഷ്ടങ്ങൾ പിന്നീട് കണ്ടെത്തുകയായിരുന്നു. വിമാനം ഒരു മലയിടുക്കിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറുകളാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ആറ് ക്രൂ മെംബർമാരും 23 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ആരും രക്ഷപ്പെട്ടതായി സൂചനയില്ല. മിസൈൽ ആക്രമണമോ ഡ്രോൺ ആക്രമണമോ പക്ഷികൾ ഇടിച്ചതോ അപകടത്തിന് കാരണമായിട്ടില്ലെന്നും വിമാനത്തിന് പുറമെ നിന്ന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിയോടെയാണ് വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
സോവിയറ്റ് കാലഘട്ടത്തിലെ വിമാനമായ An-26 പ്രധാനമായും സൈനിക ആവശ്യങ്ങൾക്കായി ഭാരമേറിയ ചരക്കുകളും കുറഞ്ഞ എണ്ണം യാത്രക്കാരെയും ചെറിയ ദൂരങ്ങളിലേക്ക് എത്തിക്കാനാണ് ഉപയോഗിക്കുന്നത്. ഉക്രേനിയൻ കമ്പനിയായ ആന്റോനോവ് ആണ് ഈ വിമാനങ്ങൾ നിർമ്മിക്കുന്നത്.

