തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ വോട്ടുകൾ വേണ്ടെന്ന് പറയാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം (SDPI Support LDF Nemam). ബിജെപിക്ക് ഗുണകരമായ ഒന്നും ചെയ്യില്ലെന്ന് ഒരു വിഭാഗം പറയുമ്പോൾ അവരുടെ വോട്ട് വേണ്ടെന്ന് എൽഡിഎഫ് പറയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് എൽഡിഎഫിന് ആവശ്യമാണെന്നും വികസനത്തുടർച്ചയ്ക്കായി ജനം എൽഡിഎഫിന് മൂന്നാമൂഴം നൽകുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
അതേസമയം, തിരുവനന്തപുരത്തെ നേമം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചത് എൽഡിഎഫ് ആവശ്യപ്പെട്ടതുകൊണ്ടാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് പറഞ്ഞു. വർഗീയ പാർട്ടികളുടെ പിന്തുണ വേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായും എന്നാൽ എസ്ഡിപിഐ ഒരു വർഗീയ പാർട്ടിയല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്ക്കണമെങ്കിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്റെ നിലപാട് മാറ്റണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. എസ്ഡിപിഐ വോട്ട് വേണ്ടെന്ന സതീശന്റെ നിലപാട് കോൺഗ്രസിന്റെ ഔദ്യോഗിക നയമാണോ എന്ന് വ്യക്തമാക്കണമെന്നും കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർ എല്ലാവരുടെയും വോട്ട് സ്വീകരിക്കുമെന്ന് പറയുമ്പോൾ സതീശൻ മാത്രം എന്തിനാണ് വിട്ടുനിൽക്കുന്നതെന്നും സി.പി.എ ലത്തീഫ് ചോദിച്ചു.
Summary: CPI State Secretary Binoy Viswam stated that the LDF welcomes votes from all sections, including SDPI, as they aim for a third consecutive term in the 2026 Kerala Assembly Elections.

