കൊല്ലം: അച്ചൻകോവിൽ കാനനപാതയിൽ കെഎസ്ആർടിസി ബസിന് നേരെ കാട്ടാനയുടെ ആക്രമണം. തിങ്കളാഴ്ച രാവിലെ 11:30-ഓടെ അലിമുക്ക്-അച്ചൻകോവിൽ പാതയിൽ വളയംകാവിന് സമീപമാണ് സംഭവം (Elephant Attack KSRTC Bus Kollam). പുനലൂർ ഡിപ്പോയിൽ നിന്ന് അച്ചൻകോവിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ഒറ്റയാൻ പാഞ്ഞടുത്തത്.
റോഡിൽ ആനയെ കണ്ടയുടൻ ഡ്രൈവർ ബസ് നിർത്തി പിന്നോട്ടെടുക്കാൻ ശ്രമിച്ചെങ്കിലും ആന പ്രകോപിതനായി ബസിന് നേരെ വരികയായിരുന്നു. കൊമ്പ് ഉപയോഗിച്ച് ബസിന്റെ മുൻഭാഗത്ത് കുത്തിയ ആന, ബസ്സിനെ പിന്നിലേക്ക് തള്ളിനീക്കി. ബസിന്റെ ചില്ലുകൾ തകർക്കാനും ആന ശ്രമിച്ചു. ഈ സമയം ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ ഭയന്ന് നിലവിളിച്ചു. യാത്രക്കാർ കൂട്ടമായി ബഹളം വെച്ചതോടെയാണ് ആന പിന്തിരിഞ്ഞ് കാട്ടിലേക്ക് കയറിപ്പോയത്.
ആനയ്ക്ക് പിന്നിലായി ഇരുചക്രവാഹനങ്ങളിൽ എത്തിയവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കൊടമല ഭാഗം മുതൽ ആന റോഡിലൂടെ വരികയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. ഈ മേഖലയിൽ മുൻപും ആനയുടെ സാന്നിധ്യമുണ്ടാകാറുണ്ടെങ്കിലും ഇത്രയും വലിയ പ്രകോപനം ആദ്യമാണെന്ന് ബസ് ജീവനക്കാർ വ്യക്തമാക്കി. വനപാതയിലൂടെയുള്ള യാത്രയിൽ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദ്ദേശിച്ചു.
Summary: A KSRTC bus from Punalur depot was attacked by a wild elephant on the Alimukku-Achankovil forest road in Kollam. The elephant charged at the bus, pushing it backward with its tusks and attempting to break the windshield.

