കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം ഫണ്ട് വിവാദത്തിൽ പാർട്ടി നേതൃത്വത്തിന്റെ വാദങ്ങൾ പൊളിക്കുന്ന തെളിവുകളുമായി മുൻ നേതാവും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ വി. കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി സഖാവ് ധനരാജിന്റെ കുടുംബ സഹായ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റാണ് അദ്ദേഹം പുറത്തുവിട്ടത്.(People will judge who are the corrupt, V Kunhikrishnan releases crucial documents)
പയ്യന്നൂരിൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ലെന്ന ഔദ്യോഗിക നേതൃത്വത്തിന്റെ അവകാശവാദത്തിനുള്ള മറുപടിയായാണ് കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ. 2018 ജൂലൈ 9-ന് പയ്യന്നൂർ റൂറൽ ബാങ്ക് മെയിൻ ബ്രാഞ്ചിലെ ധനരാജ് കുടുംബ സഹായ നിധി അക്കൗണ്ടിൽ നിന്ന് അന്നത്തെ ഏരിയ സെക്രട്ടറിയുടെ പേഴ്സണൽ അക്കൗണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ മാറ്റിയതായി രേഖകൾ വ്യക്തമാക്കുന്നു. ഈ പണം ഭവന നിർമ്മാണത്തിനായി ചെലവഴിച്ചുവെന്ന് കാട്ടി കമ്മിറ്റിക്ക് മുൻപാകെ കള്ളക്കണക്ക് അവതരിപ്പിച്ചുവെന്നും ഇതിന്റെ പകർപ്പും താൻ ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൂര്യനെപ്പോലെ തിളങ്ങുന്ന സത്യത്തെ ഇരുട്ടുകൊണ്ട് മറയ്ക്കാൻ പാർട്ടി ശ്രമിക്കരുതെന്ന് കുഞ്ഞികൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. രക്തസാക്ഷിയുടെ പേരിൽ പിരിച്ച പണം പോലും അപഹരിച്ചവർ പാർട്ടിയെയും അനുഭാവികളെയും വഞ്ചിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അഴിമതിക്കാർ ആരാണെന്ന് പയ്യന്നൂരിലെ ജനങ്ങൾ വിലയിരുത്തുമെന്നും ഇനിയും കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പുറത്തുവന്ന ഈ ബാങ്ക് രേഖകൾ പയ്യന്നൂരിലെ സി.പി.എം കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

