കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരും മുഖ്യമന്ത്രിയും തമ്മിൽ വാക്പോരും നാടകീയ രംഗങ്ങളും. മൂന്ന് ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകി വാർത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങാൻ ശ്രമിച്ച മുഖ്യമന്ത്രിയെ മാധ്യമപ്രവർത്തകർ തടയുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി തിരികെ സീറ്റിലെത്തി മറുപടി നൽകി.(CM ends press conference, journalists aks why they were invited)
വാർത്താസമ്മേളനത്തിന്റെ തുടക്കത്തിൽ മൂന്ന് ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി. ഇതിന് പിന്നാലെ ഇന്നത്തെ സമയം കഴിഞ്ഞു, ബാക്കി നാളെയാകാം എന്ന് പറഞ്ഞ് മുഖ്യമന്ത്രി എഴുന്നേറ്റ് പുറത്തേക്ക് നടന്നു. എന്നാൽ, തങ്ങൾക്ക് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാനുണ്ടെന്നും മറുപടി വേണമെന്നും മാധ്യമപ്രവർത്തകർ വിളിച്ചുപറഞ്ഞു.ചോദ്യങ്ങൾ ചോദിക്കാൻ അനുവദിക്കില്ലെങ്കിൽ എന്തിനാണ് വാർത്താസമ്മേളനത്തിന് ക്ഷണിക്കുന്നത് എന്ന് മാധ്യമപ്രവർത്തകർ അഭിപ്രായപ്പെട്ടു. ഇതോടെ ഹാളിൽ നിന്ന് പുറത്തേക്ക് പോയ മുഖ്യമന്ത്രി തിരികെ വന്ന് കസേരയിലിരുന്നു.
തിരികെയെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവർത്തകർക്ക് നേരെ പ്രതികരിച്ചു. ചോദ്യങ്ങൾ മനസ്സിലുണ്ടായാൽ മാത്രം പോരാ, അത് ചോദിക്കണം. ചോദിച്ചാൽ മറുപടി നൽകും. സമയം കഴിഞ്ഞതുകൊണ്ടാണ് താൻ എഴുന്നേറ്റത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ചോദ്യം ചോദിച്ചവർ ഏത് സ്ഥാപനത്തിൽ നിന്നുള്ളവരാണെന്ന് താൻ നോക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

