വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം അതിരൂക്ഷമാകുന്നതിനിടെ ഇറാന്റെ പ്രധാന എണ്ണ സ്രോതസ്സായ ഖാർഗ് ദ്വീപ് സൈനിക നീക്കത്തിലൂടെ പിടിച്ചെടുക്കാൻ താൽപ്പര്യമുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ആധിപത്യം അവസാനിപ്പിക്കാനും രാജ്യത്തെ സാമ്പത്തികമായി തകർക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം.(Seizing Iran’s oil is my favorite thing right now, says Trump)
അഭിമുഖത്തിലാണ് ട്രംപ് തന്റെ നയം വ്യക്തമാക്കിയത്. “സത്യം പറഞ്ഞാൽ, ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതാണ് നിലവിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം. ചിലപ്പോൾ ഞങ്ങൾ ഖാർഗ് ദ്വീപ് പിടിച്ചെടുത്തേക്കാം, ചിലപ്പോൾ ഇല്ല. ഞങ്ങൾക്ക് മുന്നിൽ നിരവധി മാർഗങ്ങളുണ്ട്,” ട്രംപ് പറഞ്ഞു. ദ്വീപ് പിടിച്ചെടുക്കാൻ തീരുമാനിച്ചാൽ ദീർഘകാല സൈനിക സാന്നിധ്യം അവിടെ ആവശ്യമായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ തീരത്തുനിന്ന് 24 കിലോമീറ്റർ അകലെയുള്ള ഈ ചെറിയ ദ്വീപ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണ്ണായകമാണ്. ഇറാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ദ്വീപ് വഴിയാണ്. ആഗോള എണ്ണപ്പാതയായ ഹോർമുസ് കടലിടുക്കിലേക്കുള്ള കവാടമാണിത്. ദ്വീപിലെ ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ ദുർബലമാണെന്നും അതിനാൽ വളരെ എളുപ്പത്തിൽ അധിനിവേശം നടത്താമെന്നും ട്രംപ് അവകാശപ്പെട്ടു.

