കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. ഔദ്യോഗിക സ്ഥാനാർത്ഥിയായ ടി.കെ. ഗോവിന്ദനെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് വിമതനായി നാമനിർദ്ദേശ പത്രിക നൽകിയ കൊയ്യം ജനാർദ്ദനനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. നേതാക്കളുടെ അനുനയ ശ്രമങ്ങൾ തള്ളിക്കൊണ്ടാണ് അദ്ദേഹം മത്സരരംഗത്ത് ഉറച്ചുനിൽക്കുന്നത്.(Leaders are cheating the others, Koyyam Janardhanan gets emotional)
തളിപ്പറമ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കൈപ്പത്തി ചിഹ്നത്തിൽ തന്നെ മത്സരിക്കണമെന്നത് വോട്ടർമാരുടെ ആവശ്യമാണ്. കോൺഗ്രസിനെ 60 വർഷത്തോളം ഉപദ്രവിക്കുകയും പ്രവർത്തകരെ അടിച്ചമർത്താൻ നേതൃത്വം നൽകുകയും ചെയ്ത ടി.കെ. ഗോവിന്ദനെ പിന്തുണയ്ക്കുന്നത് അംഗീകരിക്കാനാവില്ല.
സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് ഡിസിസി പ്രസിഡന്റിനോട് എതിർപ്പ് അറിയിച്ചിരുന്നു. അണികളെ ചതിക്കുന്ന നിലപാടാണ് നേതാക്കൾ സ്വീകരിക്കുന്നത്. കെ.സി. വേണുഗോപാലും സണ്ണി ജോസഫും നേരിട്ട് വിളിച്ചിട്ടും തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ സന്തോഷമേയുള്ളൂ എന്ന് വിതുമ്പിക്കൊണ്ട് അദ്ദേഹം പറഞ്ഞു. അരിയിൽ ഷുക്കൂറിന്റെ ആത്മാവ് ഇതെല്ലാം കാണുന്നുണ്ടെന്നും നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ മകൾ അയച്ചുതന്ന പണമാണ് ഉപയോഗിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കുമെന്ന് പറഞ്ഞ് ജനാർദ്ദനൻ മത്സരരംഗത്ത് തുടരുകയാണ്.

