തിരുവനന്തപുരം: യു. പ്രതിഭയെ വ്യക്തിപരമായി അധിക്ഷേപിച്ച ലീഗ് നേതാവ് ഇർഷാദിൻ്റെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ജനപ്രതിനിധിയുടെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പകരം ശരീര സൗന്ദര്യത്തെയും വ്യക്തിത്വത്തെയും ഹീനമായ വാക്കുകൾ കൊണ്ട് ആക്ഷേപിക്കുന്നത് രാഷ്ട്രീയ പതനമാണെന്ന് അദ്ദേഹം പറഞ്ഞു.(It is a misconception of UDF that they can get votes by insulting women, CM supports U Prathibha)
ഇത് സഖാവ് പ്രതിഭയ്ക്ക് നേരെയുള്ള ആക്രമണം മാത്രമല്ല, പൊതുരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ത്രീകൾക്കുമെതിരെയുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ‘അവൾക്കൊപ്പം’ എന്ന് ആവർത്തിച്ചു പറയുന്ന പ്രതിപക്ഷ നേതാവും മറ്റ് യുഡിഎഫ് നേതാക്കളും സ്വന്തം മുന്നണിയിലെ നേതാക്കളുടെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ പുലർത്തുന്ന മൗനം അവരുടെ കാപട്യമാണ് തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
കഴിഞ്ഞ അഞ്ച് വർഷം കായംകുളത്ത് യു. പ്രതിഭ നടത്തിയ ജനകീയ ഇടപെടലുകളെയും വികസനത്തെയും രാഷ്ട്രീയമായി നേരിടാൻ യുഡിഎഫിന് കഴിയുന്നില്ലെന്നും അതുകൊണ്ടാണ് സ്ത്രീകളെ അവഹേളിച്ച് വോട്ട് നേടാമെന്ന് അവർ കരുതുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കായംകുളത്ത് നടന്ന യുഡിഎഫ് കൺവെൻഷനിലാണ് ഇർഷാദ് വിവാദ പരാമർശം നടത്തിയത്.
കുറിപ്പിൻ്റെ പൂർണ്ണരൂപം
കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി സഖാവ് യു. പ്രതിഭയ്ക്കെതിരെ അവിടത്തെ യുഡിഎഫ് കൺവീനർ നടത്തിയ സ്ത്രീവിരുദ്ധവും അപമാനകരവുമായ പരാമർശങ്ങളെ ശക്തമായി അപലപിക്കുന്നു.
പൊതുപ്രവർത്തകയായതിനാൽ ഒരു വനിതയെ ഹീനമായ വാക്കുകൾ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണ്. സഖാവ് പ്രതിഭ നടത്തിയ വികസന പ്രവർത്തനങ്ങളെയും ജനകീയ ഇടപെടലുകളെയും രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാലാണ് ഇത്തരത്തിലുള്ള വ്യക്തിഹത്യയിലേക്ക് വലതുപക്ഷം നീങ്ങുന്നത്.
“അവൾക്കൊപ്പം” എന്ന് ആവർത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും, ഇത്തരം സ്ത്രീവിരുദ്ധ രീതികളോട് സ്വീകരിക്കുന്ന നേർവിപരീത സമീപനം അവരുടെ കാപട്യമാണ് തുറന്നുകാട്ടുന്നത്.
ഇത് ഒരാളെ മാത്രം ലക്ഷ്യമിട്ട ആക്രമണമല്ല; പൊതുരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ത്രീകളോടുമുള്ള അധിക്ഷേപമാണ്. സ്ത്രീകളെ വ്യക്തിത്വമുള്ള മനുഷ്യരായി കാണാതെ അവരെ അവഹേളിക്കുന്ന ജീർണ്ണമായ രാഷ്ട്രീയ മനോഭാവമാണ് പുറത്തുവരുന്നത്.
നാടിന്റെ വികസനവും ജനങ്ങളുടെ പ്രശ്നങ്ങളും ചർച്ച ചെയ്യാതെ സ്ത്രീകളെ അപമാനിച്ച് വോട്ട് നേടാമെന്നത് യുഡിഎഫിന്റെ തെറ്റിദ്ധാരണയാണ്. സ്ത്രീകളുടെ അഭിമാനവും അവകാശങ്ങളും കാത്തുസൂക്ഷിക്കുന്ന ഇടതുപക്ഷ നിലപാടിനൊപ്പം കേരളം എപ്പോഴും നിലകൊണ്ടിട്ടുണ്ട്.

