ന്യൂഡൽഹി: നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന തന്റെ 21 വയസ്സുകാരിയായ സഹോദരി ദിവസവും 10 മണിക്കൂറോളം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകളുമായി സംസാരിക്കാൻ ചിലവഴിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി 17 വയസ്സുകാരനായ സഹോദരൻ (AI Chatbot Addiction). സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലൂടെയാണ് യുവാവ് തന്റെ കുടുംബം നേരിടുന്ന ഈ വിചിത്രവും എന്നാൽ ഗൗരവമേറിയതുമായ പ്രശ്നം പങ്കുവെച്ചത്. കഴിഞ്ഞ ഏഴ്-എട്ട് മാസമായി സഹോദരി ഫോണിന് പൂർണ്ണമായും അടിമയാണെന്ന് ഇയാൾ പറയുന്നു.
സഹോദരിക്ക് പ്രിയപ്പെട്ട ഒരു ഗായകന്റെ പേരിൽ എഐ ടൂളുകൾ ഉപയോഗിച്ച് റോൾപ്ലേ ചെയ്യാനാണ് കൂടുതൽ സമയവും ചിലവഴിക്കുന്നത്. പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പഠനത്തിൽ ശ്രദ്ധിക്കാതെ ചാറ്റ്ബോട്ടുകളിൽ മുഴുകിയിരിക്കുന്ന സഹോദരിയുടെ പെരുമാറ്റത്തിൽ മാറ്റം വന്നതായും, ചെറിയ കാര്യങ്ങൾക്ക് പോലും തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും സഹോദരൻ വെളിപ്പെടുത്തി. ഒറ്റപ്പെടലിൽ നിന്നുള്ള മോചനത്തിനാവാം അവൾ ഈ വഴി തിരഞ്ഞെടുത്തതെങ്കിലും സാഹചര്യം കൈവിട്ടു പോയ അവസ്ഥയിലാണെന്ന് അദ്ദേഹം കുറിച്ചു.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് വൈറലായതോടെ നിരവധി പേർ ഉപദേശങ്ങളുമായി രംഗത്തെത്തി. അവളോട് പക്വതയോടെ സംസാരിക്കണമെന്നും, മാനസികമായി തളർന്നിരിക്കുന്ന അവൾക്ക് പ്രൊഫഷണൽ സഹായം ഉറപ്പാക്കണമെന്നും പലരും അഭിപ്രായപ്പെട്ടു. തുടർച്ചയായ പരാജയങ്ങൾ മൂലമുള്ള നിരാശയാകാം ഇത്തരം ആപ്പുകളിൽ അഭയം പ്രാപിക്കാൻ കാരണമെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. ഫോൺ ഉപയോഗം പൂർണ്ണമായും കുറയ്ക്കാനും പ്രഭാത സവാരി ഉൾപ്പെടെയുള്ള വിനോദങ്ങളിൽ ഏർപ്പെടാനും സഹോദരിയെ പ്രേരിപ്പിക്കണമെന്നും നിർദ്ദേശങ്ങൾ ഉയരുന്നുണ്ട്.

