പത്തനംതിട്ട: അടൂർ സർവീസ് സഹകരണ ബാങ്കിലെ മുൻ ഭരണസമിതികളുടെ കാലത്ത് നടന്ന 75 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേടുകൾ വെളിപ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് പൊൻതാമര പിള്ള സ്ഥാനം രാജിവെച്ചു (Adoor Service Co-operative Bank Scam). മുൻ അടൂർ എം.എൽ.എ ആർ. ഉണ്ണിക്കൃഷ്ണപിള്ളയുടെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പൊൻതാമര പിള്ള, സി.പി.എം. അടൂർ ഏരിയാ കമ്മിറ്റിയംഗം പി. രവീന്ദ്രൻ പ്രസിഡന്റായിരുന്ന കാലത്തെ അഴിമതികൾക്കെതിരെയാണ് രംഗത്തുവന്നത്. പി. രവീന്ദ്രന്റെ കാലയളവിൽ 75 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ടുണ്ടെന്ന് പൊൻതാമര പിള്ള ആരോപിച്ചു. സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത് നടന്നതെന്നും അവർ ആരോപിച്ചു.
അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധനയ്ക്കായി ആവശ്യപ്പെട്ടപ്പോൾ ഉദ്യോഗസ്ഥർ നൽകാൻ തയ്യാറായില്ല. ബാലൻസ് ഷീറ്റ് കൃത്യമായി അവതരിപ്പിക്കാതെ ക്രമക്കേടുകൾ മറച്ചുവെക്കാൻ ശ്രമം നടന്നു. ബാങ്കിലെ സ്ഥിരനിക്ഷേപം മറ്റൊരു സഹകരണ സംഘത്തിലേക്ക് മാറ്റുകയും മുൻ പ്രസിഡന്റിന്റെ കുടുംബാംഗങ്ങൾക്ക് വഴിവിട്ട സഹായം നൽകുകയും ചെയ്തു. നിക്ഷേപകർക്ക് പലിശയോ നിക്ഷേപത്തുകയോ തിരികെ ലഭിക്കാത്ത സാഹചര്യമുണ്ടായതായും അവർ ആരോപിക്കുന്നു.
കണ്ടെത്തിയ അഴിമതികൾ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയെടുക്കുന്നതിന് പകരം തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് പാർട്ടി അംഗങ്ങൾ ശ്രമിച്ചതെന്ന് അവർ കുറ്റപ്പെടുത്തി.
ഭരണസമിതി അംഗങ്ങളിൽ നിന്നും ചില നേതാക്കളിൽ നിന്നും വലിയ സമ്മർദ്ദമുണ്ടായെങ്കിലും അഴിമതിക്ക് കൂട്ടുനിൽക്കാൻ തയ്യാറല്ലാത്തതിനാലാണ് രാജിവെക്കുന്നതെന്ന് അവർ പറഞ്ഞു. പ്രസിഡന്റ് സ്ഥാനം രാജിവെച്ചെങ്കിലും അഴിമതി പുറത്തുകൊണ്ടുവരുന്നതിനായി ബോർഡ് അംഗമായി തുടരുമെന്നും ഏതറ്റം വരെയും പോരാടുമെന്നും അവർ വ്യക്തമാക്കി. സി.പി.എമ്മിൽ ഇപ്പോഴും വിശ്വാസമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർക്ക് പൊൻതാമര പിള്ള രാജിക്കത്ത് കൈമാറി. ബാങ്ക് സെക്രട്ടറി രാജിക്കത്ത് വാങ്ങാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് നേരിട്ട് വകുപ്പിനെ സമീപിച്ചത്.
News Summary:
Ponthenthamarapillai, the CPM leader and President of Adoor Service Co-operative Bank, has resigned following internal pressure after exposing financial irregularities amounting to over ₹75 lakhs. She alleged that the fraud occurred during the tenure of former President P. Raveendran with official connivance. Despite informing party leadership, she faced a no-confidence motion instead of support. While resigning as President, she remains a board member to fight against the corruption legally.

