ഇന്ത്യയിലെയും നെതർലൻഡ്‌സിലെയും കുട്ടികളെ വളർത്തുന്ന രീതിയിലുള്ള വൈവിധ്യങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മുംബൈയിൽ താമസിക്കുന്ന ഡച്ച് യുവതി ഇവാന ( Parenting India vs Netherlands). കഴിഞ്ഞ ഒൻപത് വർഷമായി മുംബൈയിൽ താമസിക്കുന്ന ഇവാന തന്റെ മകളുടെ രണ്ടാം ജന്മദിനത്തോടനുബന്ധിച്ച് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഓരോ രാജ്യത്തെയും രീതികൾക്ക് അതിന്റേതായ ഗുണദോഷങ്ങളുണ്ടെന്നും അവയെ മുൻവിധികളില്ലാതെ സ്വീകരിക്കണമെന്നും ഇവാന പറയുന്നു.
നെതർലൻഡ്‌സിൽ കുട്ടികളെ വളർത്തുന്നത് പലപ്പോഴും മാതാപിതാക്കളുടെ മാത്രം ഉത്തരവാദിത്തമായി മാറുമ്പോൾ, ഇന്ത്യയിൽ അതൊരു സാമൂഹിക കൂട്ടായ്മയുടെ ഭാഗമാണെന്ന് ഇവാന നിരീക്ഷിക്കുന്നു. കുടുംബാംഗങ്ങളും അയൽവാസികളും കുട്ടികളുടെ കാര്യത്തിൽ സഹായവുമായി എപ്പോഴും കൂടെയുണ്ടാകുന്നത് ഇന്ത്യയിലെ വലിയൊരു പ്രത്യേകതയാണ്. തനിക്ക് തുടക്കത്തിൽ ഇത് ഉൾക്കൊള്ളാൻ പ്രയാസമായിരുന്നുവെങ്കിലും ഇപ്പോൾ ഈ ‘വില്ലേജ് മെന്റാലിറ്റി’ ഏറെ ഇഷ്ടമാണെന്ന് അവർ പറഞ്ഞു.
നെതർലൻഡ്‌സിൽ കുട്ടികൾ വളരെ ചെറിയ പ്രായത്തിൽ തന്നെ ഒറ്റയ്ക്ക് സ്കൂളിൽ പോകുന്നത് പോലുള്ള കാര്യങ്ങൾ ചെയ്ത് സ്വയംപര്യാപ്തത നേടുന്നു. അവിടെ സുരക്ഷ എന്നാൽ കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശമാണ്. എന്നാൽ ഇന്ത്യയിൽ സുരക്ഷ എന്നത് മുതിർന്നവരുടെ നിരന്തരമായ മേൽനോട്ടമായും നിയന്ത്രണങ്ങളായുമാണ് കാണപ്പെടുന്നത്. ഇന്ത്യയിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികളിൽ വിദ്യാഭ്യാസത്തിനായുള്ള സമ്മർദ്ദം ഏൽപ്പിക്കുന്നുണ്ടെന്ന് ഇവാന ചൂണ്ടിക്കാട്ടി. നെതർലൻഡ്‌സിൽ ആദ്യകാല ബാല്യം പൂർണ്ണമായും കളികളിലൂടെയുള്ള പഠനത്തിനാണ് മുൻഗണന നൽകുന്നത്. ഡച്ച്, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകൾ കേട്ടാണ് തന്റെ മകൾ വളരുന്നതെന്നും ഇത് അവളുടെ വളർച്ചയെ നല്ല രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്നും ഇവാന പറയുന്നു. ഹിന്ദിയാണ് അവളുടെ പ്രധാന ഭാഷ. പഞ്ചാബി, ബംഗാളി വാക്കുകളും അവൾ ഇതിനോടൊപ്പം ഉപയോഗിക്കാറുണ്ട്.
ഇന്ത്യയിൽ വീട്ടുജോലിക്കാരെ ലഭിക്കുന്നത് തന്റെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നുണ്ടെന്നും അത് മകളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അവസരം നൽകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. നെതർലൻഡ്‌സിൽ ആയിരുന്നെങ്കിൽ കുട്ടി വളരെ നേരത്തെ തന്നെ ഡേകെയറിൽ പോകേണ്ടി വരുമായിരുന്നു. അഭയാർത്ഥിയായി നെതർലൻഡ്‌സിൽ വളർന്ന തനിക്ക് ലഭിക്കാത്ത കുടുംബസ്നേഹവും പിന്തുണയും മകൾക്ക് ഇന്ത്യയിൽ ലഭിക്കുന്നത് വലിയ ആശ്വാസമാണെന്ന് പറഞ്ഞാണ് ഇവാന തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
View this post on Instagram

