ന്യൂഡൽഹി: ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ തലവനായി സേവനമനുഷ്ഠിച്ച വ്യക്തി എന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ( PM Modi Longest Serving Leader). സിക്കിം മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗിന്റെ 8,930 ദിവസങ്ങൾ എന്ന റെക്കോർഡാണ് 8,931 ദിവസങ്ങൾ ഭരണത്തിലിരുന്ന് മോദി മറികടന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായും രാജ്യത്തിന്റെ പ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ച ആകെ കാലയളവ് കണക്കിലെടുത്താണ് ഈ നേട്ടം. 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം 2014 മെയ് 26 മുതൽ ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായി തുടരുന്നു.
ഭരണരംഗത്തെ ഈ നേട്ടത്തിനൊപ്പം തന്നെ ഡിജിറ്റൽ ലോകത്തും വലിയ സ്വാധീനമാണ് പ്രധാനമന്ത്രിക്കുള്ളത്. ഇൻസ്റ്റാഗ്രാമിൽ 100 ദശലക്ഷത്തിലധികം ഫോളോവേഴ്‌സിനെ നേടുന്ന ആദ്യ ലോകനേതാവായി അദ്ദേഹം മാറിയിരുന്നു. കൂടാതെ യൂട്യൂബിൽ 30 ദശലക്ഷം സബ്‌സ്‌ക്രൈബർമാരും എക്സ് പ്ലാറ്റ്‌ഫോമിൽ 106 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുമായി ലോകത്തെ ഏറ്റവും വലിയ ജനസമ്മതിയുള്ള നേതാക്കളിൽ ഒരാളായി അദ്ദേഹം തുടരുന്നു. തുടർച്ചയായി മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലേക്ക് നയിച്ച അദ്ദേഹം, സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ്.

