കണ്ണൂർ: കേരളം ഉറ്റുനോക്കുന്ന വി.ഐ.പി പോരാട്ടത്തിനാണ് കണ്ണൂർ ജില്ലയിലെ മലയോര മണ്ഡലമായ പേരാവൂർ സാക്ഷ്യം വഹിക്കുന്നത്. കെ.പി.സി.സി പ്രസിഡൻറായ അഡ്വ. സണ്ണി ജോസഫും, മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറും ഏറ്റുമുട്ടുമ്പോൾ പേരാവൂർ ഇത്തവണ ആർക്കൊപ്പം നിൽക്കുമെന്നത് പ്രവചനാതീതമാണ്. എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ഡി.ജെ.എസിലെ പൈലി വാത്യാട്ടും മത്സരരംഗത്തുണ്ട്.(Sunny Joseph VS KK Shailaja in Peravoor, Who is the public’s choice with? )
2011 മുതൽ തുടർച്ചയായി മൂന്ന് തവണ പേരാവൂരിനെ പ്രതിനിധീകരിച്ച സണ്ണി ജോസഫിന് മണ്ഡലത്തിലുള്ള വ്യക്തിപരമായ സ്വാധീനമാണ് യുഡിഎഫിന്റെ പ്രധാന ആയുധം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച 23,481 വോട്ടുകളുടെ വൻ ഭൂരിപക്ഷവും തദ്ദേശ തിരഞ്ഞെടുപ്പിലെ മേധാവിത്വവും യുഡിഎഫ് ക്യാമ്പിന് ആത്മവിശ്വാസം നൽകുന്നു.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം കുറഞ്ഞുവരുന്നത് കോൺഗ്രസിനെ ചിന്തിപ്പിക്കുന്നുണ്ട്. 2021-ൽ കേവലം 3,172 വോട്ടുകൾക്കായിരുന്നു സണ്ണി ജോസഫിന്റെ വിജയം. കെ. സുധാകരൻ കണ്ണൂർ സീറ്റിനായി ഉയർത്തിയ അവകാശവാദം പേരാവൂരിലും ചെറിയ ചലനങ്ങൾ ഉണ്ടാക്കിയെങ്കിലും അദ്ദേഹം പിന്മാറിയത് യുഡിഎഫിന് ആശ്വാസമായി.
2006-ൽ പേരാവൂരിൽ നിന്ന് വിജയിച്ച് മണ്ഡലം ചുവപ്പിച്ച ചരിത്രവുമായാണ് കെ.കെ. ശൈലജ ടീച്ചർ വീണ്ടും എത്തുന്നത്. 2021-ൽ മട്ടന്നൂരിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ശൈലജയെ ഇത്തവണ പേരാവൂർ പിടിച്ചെടുക്കാൻ സി.പി.എം നിയോഗിക്കുകയായിരുന്നു. ടീച്ചറുടെ വ്യക്തിപ്രഭാവത്തിലൂടെ യുഡിഎഫ് ഭൂരിപക്ഷം മറികടക്കാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടൽ.

