കണ്ണൂർ: ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് ഇ.പി. ജയരാജൻ നൽകിയ മാനനഷ്ടക്കേസിൽ ശോഭാ സുരേന്ദ്രന് തിരിച്ചടി. കേസ് അടിയന്തരമായി തീർപ്പാക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് കണ്ണൂർ കോടതി സമൻസ് അയച്ചത്.(Defamation case filed by EP Jayarajan, Court summons Sobha Surendran)
2024 ഏപ്രിലിൽ ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് തന്നെ വ്യക്തിഹത്യ ചെയ്യാനായി കെട്ടിച്ചമച്ച വ്യാജവാർത്തയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജയരാജൻ കോടതിയെ സമീപിച്ചത്. 2024-ൽ ഫയൽ ചെയ്ത കേസ് നടപടികൾ വൈകുന്നതിനെതിരെ ഈ വർഷം ഫെബ്രുവരിയിൽ ഇ.പി. ജയരാജൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് വേഗത്തിൽ തീർപ്പാക്കാൻ ഫെബ്രുവരി 19-ന് ഹൈക്കോടതി ഉത്തരവിട്ടു.
ശോഭാ സുരേന്ദ്രനോട് നേരിട്ട് ഹാജരാകാൻ ആണ് മജിസ്‌ട്രേറ്റ് കോടതി ആവശ്യപ്പെട്ടത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരള രാഷ്ട്രീയത്തിൽ വലിയ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു ഇ.പി. ജയരാജന്റെ ബിജെപി പ്രവേശന വാർത്തകൾ.

