ടെഹ്‌റാൻ: പശ്ചിമേഷ്യയെ യുദ്ധത്തിന്റെ നിഴലിലാഴ്ത്തിക്കൊണ്ട് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി (67) ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചെ ടെഹ്‌റാനിൽ ഇസ്രയേൽ നടത്തിയ ശക്തമായ ആക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടതെന്ന് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാന്റെ അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്‌സിന്റെ കമാൻഡർ ഗുലാം റിസ സുലൈമാനിയും (62) ഇതേ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.(Martyred with honor, Iran confirms Ali Larijani’s killing)
ലാരിജാനിയുടെ മരണം ഇറാൻ വാർത്താ ഏജൻസിയായ മെഹ്ർ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച അദ്ദേഹം രക്തസാക്ഷിത്വം വരിച്ചതായി സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു. ലാരിജാനിയെയും സുലൈമാനിയെയും വധിച്ചതായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇറാന്റെ ബുഷെഹർ ആണവനിലയത്തിന് സമീപം മിസൈലുകൾ പതിച്ചു. എന്നാൽ നിലയത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഇറാൻ അധികൃതർ അറിയിച്ചു.
കൊല്ലപ്പെട്ട അലി ലാരിജാനിക്ക് പകരം മൊഹ്‌സെൻ റെസായിയെ പുതിയ സുരക്ഷാ കൗൺസിൽ മേധാവിയായി നിയമിക്കുമെന്നാണ് സൂചന. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ സൈനിക ഉപദേശകനാണ് ഇദ്ദേഹം. നാറ്റോ സഖ്യകക്ഷിയായ തുർക്കി ഇസ്രയേലിനെതിരെ പരസ്യനിലപാടുമായി രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായി. മേഖലയെ ഇസ്രയേൽ നാശത്തിലേക്ക് നയിക്കുകയാണെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ കുറ്റപ്പെടുത്തി.
ഹോർമുസ് കടലിടുക്കിലെ സാഹചര്യം പഴയപടിയാകില്ലെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് മുന്നറിയിപ്പ് നൽകി. ഇസ്രയേൽ-യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടലുകൾ കടുക്കുന്നതോടെ ലോകത്തെ എണ്ണവിതരണ ശൃംഖല തടസ്സപ്പെടുമോ എന്ന ആശങ്കയിലാണ് ആഗോള വിപണി.

