കൊല്ലം: ഭാര്യയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയെന്ന തർക്കത്തെത്തുടർന്ന് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി. കൊട്ടിയം ഉമയനല്ലൂർ സ്വദേശി ദിലീപ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കല്ലുവാതുക്കൽ സ്വദേശി വരുൺ, ഭാര്യ സോന എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചയോടെ പാരിപ്പള്ളി വേളമാനൂരിലായിരുന്നു സംഭവം.(Man was beaten to death in Kollam, Couple in custody)
യുവതിയെ ഇയാൾ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നാണ് ആരോപണം. ഇക്കാര്യം സോന ഭർത്താവായ വരുണിനെ അറിയിച്ചതിനെത്തുടർന്നാണ് ദിലീപിനെ വിളിച്ച് വരുത്തി ആക്രമിക്കാൻ തീരുമാനിച്ചത്.
ഞായറാഴ്ച ഉച്ചയോടെ സംസാരിക്കാനെന്ന വ്യാജേന ദിലീപിനെ വരുൺ വിളിച്ച് വരുത്തുകയായിരുന്നു. തന്റെ സുഹൃത്ത് വാടകയ്ക്ക് താമസിക്കുന്ന ഉളിയനാടുള്ള വീടിന് സമീപത്തേക്കാണ് ദിലീപിനെ വരുത്തിയത്. സ്ഥലത്തെത്തിയ ദിലീപുമായി വരുൺ വാക്കേറ്റത്തിലേർപ്പെടുകയും തുടർന്ന് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
ദിലീപിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

