തൃശൂർ: നാടകീയ നീക്കങ്ങൾക്കൊടുവിൽ സിപിഐ വിട്ട നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്നു. തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ ‘നമോ ഭവനിലെത്തി’ അദ്ദേഹം അംഗത്വം സ്വീകരിച്ചു. എ.എൻ. രാധാകൃഷ്ണൻ അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചു.(CC Mukundan joins BJP, game change in Nattika)
ഇന്ത്യയിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ബിജെപിയെന്നും തന്നെ സഹായിക്കുന്ന ഈ പ്രസ്ഥാനത്തോട് എന്നും കൂറുപുലർത്തുമെന്നും അംഗത്വം സ്വീകരിച്ച ശേഷം മുകുന്ദൻ പറഞ്ഞു. നാട്ടിക മണ്ഡലത്തിൽ ബിജെപി തന്നെ സ്ഥാനാർത്ഥിയാക്കുമെന്നും പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാട്ടികയിലേത് ‘പെയ്‌മെന്റ് സീറ്റ്’ ആണെന്ന തന്റെ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു. പണം പിരിച്ചുനൽകാൻ കഴിയാത്തതിനാലാണ് തന്നെ പാർട്ടി ഒഴിവാക്കിയതെന്നും അദ്ദേഹം ആവർത്തിച്ചു. നേരത്തെ സിപിഐ വിട്ട ശേഷം കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാൻ മുകുന്ദൻ നീക്കം നടത്തിയിരുന്നു. എന്നാൽ കോൺഗ്രസ് വഴങ്ങാത്തതാണ് മുകുന്ദനെ ബിജെപി പാളയത്തിൽ എത്തിച്ചത്. മുകുന്ദനെ പിന്തുണയ്ക്കാതെ സുനിൽ ലാലൂരിനെ സ്ഥാനാർത്ഥിയായി നിർത്താൻ കോൺഗ്രസ് തീരുമാനിച്ചു.

