കണ്ണൂർ: പത്ത് വർഷം മുൻപ് ഇരിക്കൂർ സിദ്ദിഖ് നഗറിൽ വയോധികയെ കൊലപ്പെടുത്തി സ്വർണ്ണം കവർന്ന കേസിലെ പ്രതികളായ രണ്ട് സ്ത്രീകൾ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി (Irikkur Kunhamina Murder Case). ന്യൂഡൽഹി നാങ്‌ളോയി സ്വദേശികളായ പർവീൺ ബാനു (55), സക്കീന ഫാത്തിമ (32) എന്നിവരെ മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നാണ് പിടികൂടിയത്. 2016 ഏപ്രിൽ 30-നാണ് മെരടൻ കുഞ്ഞാമിന (60) കൊല്ലപ്പെട്ടത്.
വസ്ത്ര വ്യാപാരികൾ എന്ന് പരിചയപ്പെടുത്തി കുഞ്ഞാമിനയുടെ വീടിന് തൊട്ടടുത്ത് വാടകയ്ക്ക് താമസിച്ചാണ് പ്രതികൾ കൃത്യം ആസൂത്രണം ചെയ്തത്. കുഞ്ഞാമിനയുമായി സൗഹൃദം സ്ഥാപിച്ച ഇവർ, സംഭവ ദിവസം കുഞ്ഞാമിനയെ സ്വന്തം വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി മാരകമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് രണ്ടരപ്പവന്റെ മാലയും വളയും പണവുമായി ഇവർ നാടുവിട്ടു. ആന്ധ്രപ്രദേശിലും സമാനമായ കുറ്റകൃത്യം ചെയ്ത ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയവരാണ് പ്രതികളെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സൗമ്യ രംഗാവാല, സമീറ രംഗാവാല എന്നീ വ്യാജ പേരുകളിലായിരുന്നു ഇവർ ഒളിവിൽ കഴിഞ്ഞിരുന്നത്. ഏഴ് ഭാഷകൾ സംസാരിക്കാൻ അറിയാവുന്ന ഇവർ കേരളത്തിലെ വിവിധ ജില്ലകളിലും പത്തോളം ഇതര സംസ്ഥാനങ്ങളിലും മാറിമാറി താമസിച്ച് പോലീസിനെ വെട്ടിച്ചു. ഫോൺ ഉപയോഗിക്കാതെയും വ്യാജ രേഖകൾ നൽകിയും ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ കണ്ണൂർ ക്രൈം ബ്രാഞ്ച് സൂപ്രണ്ട് ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉജ്ജയിനിയിൽ നിന്ന് പിടികൂടിയത്. 2024-ലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

