ലക്നൗ: രാജ്യവ്യാപകമായി എൽ.പി.ജി ലഭ്യത കുറഞ്ഞ സാഹചര്യം മുതലെടുത്ത് സിലിണ്ടറുകൾ പൂഴ്ത്തിവെച്ച സമാജ്വാദി പാർട്ടി നേതാവ് കുടുങ്ങി (LPG cylinders seized UP Hapur). യുപിയിലെ ഹാപ്പൂർ ജില്ലയിൽ നടത്തിയ റെയ്ഡിലാണ് അബ്ദുൾ റഹ്മാന്റെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച 55 എൽ.പി.ജി സിലിണ്ടറുകൾ അധികൃതർ പിടിച്ചെടുത്തത്.
പാചകവാതക ക്ഷാമത്തിൽ കേന്ദ്ര സർക്കാരിനെതിരെ സമാജ്വാദി പാർട്ടി കടുത്ത വിമർശനം ഉന്നയിക്കുന്നതിനിടെയാണ് സ്വന്തം നേതാവ് തന്നെ പൂഴ്ത്തിവെപ്പിൽ പിടിയിലാകുന്നത്. ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ജനങ്ങൾ ഗ്യാസിനായി വലയുകയാണെന്നും എസ്പി എംപി രാം ഗോപാൽ യാദവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
റെയ്ഡ് വാർത്ത പുറത്തുവന്നതോടെ അബ്ദുൾ റഹ്മാനെ തള്ളിപ്പറഞ്ഞ് സമാജ്വാദി പാർട്ടി രംഗത്തെത്തി. ഇയാൾക്ക് പാർട്ടിയുമായി നിലവിൽ ബന്ധമില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
കടുത്ത ക്ഷാമം നിലനിൽക്കുന്ന സമയത്ത് ഇത്രയധികം സിലിണ്ടറുകൾ എങ്ങനെ ഇയാൾക്ക് ലഭിച്ചു എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നിൽ വലിയൊരു മാഫിയാ സംഘം പ്രവർത്തിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് വിതരണ ശൃംഖല തടസ്സപ്പെട്ടതോടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും എൽ.പി.ജി കരിഞ്ചന്തയിൽ ഉയർന്ന വിലയ്ക്ക് വിൽക്കുന്നതായി പരാതികൾ ഉയരുന്നുണ്ട്. ഇത്തരം പൂഴ്ത്തിവെപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ യുപി സർക്കാർ നിർദ്ദേശം നൽകി.
Story Summary: Amidst the ongoing LPG crisis in India, 55 gas cylinders were seized from the house of Samajwadi Party leader Abdul Rahman in Hapur, Uttar Pradesh. While SP leaders like Ram Gopal Yadav have been criticizing the central government for the shortage, the discovery of stockpiled cylinders at a party member’s home has sparked controversy. The SP has distanced itself from Rahman following the incident.

