നാസിക്: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ കാമുകനൊപ്പം ജീവിക്കുന്നതിനായി ഭർത്താവിനെ കൊലപ്പെടുത്തി പുഴയിൽ താഴ്ത്തിയ യുവതിയും സംഘവും പിടിയിലായി (Woman Kills Husband With Lover Help). നാസിക് സ്വദേശിയായ ഷദാബ് റസാഖ് തംബോലിയാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 18 മുതൽ കാണാതായ ഷദാബിന്റെ മൃതദേഹം ഫെബ്രുവരി 22-ന് ചാന്ദ്‌വാഡിന് സമീപമുള്ള പുഴയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഷദാബിന്റെ ഭാര്യ മുസ്‌കാൻ തംബോലി ഉൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഷദാബിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാൻ പ്രതികൾ സിനിമയെ വെല്ലുന്ന രീതിയിലുള്ള പ്ലാനാണ് നടപ്പിലാക്കിയത്. മൃതദേഹം പുഴയിൽ പൊങ്ങിവരാതിരിക്കാനായി നൈലോൺ കയർ ഉപയോഗിച്ച് കൈകാലുകൾ ബന്ധിക്കുകയും അരക്കെട്ടിലും തുടകളിലും ഭാരമേറിയ ഡംബെല്ലുകൾ കെട്ടിവെക്കുകയും ചെയ്തു. തുടർന്ന് പുഴയിലേക്ക് എറിയുകയായിരുന്നു. എന്നാൽ ദിവസങ്ങൾക്ക് ശേഷം മൃതദേഹം കണ്ടെത്തുകയും പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ കൊലപാതകത്തിന്റെ ചുരുളഴിയുകയുമായിരുന്നു.
മുസ്‌കാൻ തംബോലിയും മൻമാഡ് സ്വദേശിയായ ഋഷഭ് വർമ്മയും തമ്മിലുള്ള പ്രണയബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും ഷദാബ് അതിന് തടസ്സമാകുമെന്ന് കരുതിയാണ് ഇയാളെ ഒഴിവാക്കാൻ തീരുമാനിച്ചത്. മുസ്‌കാന്റെ സഹോദരനും മറ്റ് അഞ്ച് പേരും ഈ കൊലപാതക ഗൂഢാലോചനയിൽ പങ്കാളികളായി. മുസ്‌കാനെയും കാമുകനെയും കൂടാതെ ഗൂഢാലോചനയിൽ പങ്കുചേർന്ന മറ്റ് പ്രതികളെയും ചാന്ദ്‌വാഡ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
Summary: In a chilling incident in Maharashtra’s Nashik, a woman named Muskan Tamboli allegedly orchestrated the murder of her husband, Shadab Razzaq Tamboli, to marry her lover, Rishabh Verma.

