കൊച്ചി: എൻഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളായി മന്ത്രിമാരോ മറ്റ് ജനപ്രതിനിധികളോ എത്തിയില്ല. രാവിലെ 11:30-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഉദ്യോഗസ്ഥർ ചേർന്നാണ് സ്വീകരിച്ചത്.(PM Modi in Kochi amid political fight, he was welcomed without public representatives)
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഡിജിപി, എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. നെടുമ്പാശ്ശേരിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം നേവൽ ബേസിലെത്തിയ പ്രധാനമന്ത്രി, അവിടെ നിന്ന് റോഡ് മാർഗ്ഗമാണ് മറൈൻ ഡ്രൈവിലെ ധീവരസഭയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയത്.
10,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഇതിൽ ദേശീയപാത 66-ന്റെ ആദ്യ റീച്ചിന്റെ ഉദ്ഘാടനവും ഉൾപ്പെടുന്നു. ഔദ്യോഗിക പരിപാടികൾക്ക് മുന്നോടിയായി കലൂർ സ്റ്റേഡിയം പരിസരത്ത് ആവേശകരമായ റോഡ് ഷോ നടക്കും. ഉച്ചയ്ക്ക് ശേഷം കലൂർ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് റാലി അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഇതോടെ കേരളത്തിലെ എൻഡിഎയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും. കൊച്ചിയിലെ പരിപാടികൾക്ക് ശേഷം ഉച്ചയ്ക്ക് 2:30-ഓടെ പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് തിരിക്കും.

