കാസർഗോഡ്: ദേശീയപാത 66-ന്റെ വികസന പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനത്തിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കാസർകോട്ട് ജനകീയ സമാന്തര ഉദ്ഘാടനം സംഘടിപ്പിച്ചു. കാസർകോട് നുള്ളിപ്പാടിയിൽ വെച്ച് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ദേശീയപാതയുടെ ഒന്നാം റീച്ച് ജനങ്ങൾക്കായി തുറന്നുകൊടുത്തു.(Parallel inauguration in Kasaragod before PM Modi’s event in Kochi)
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു കാസർകോട്ടെ ഈ ജനകീയ പ്രതിഷേധം.സംസ്ഥാന സർക്കാർ 25 ശതമാനം ഫണ്ട് നൽകി പൂർത്തിയാക്കിയ പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്രം തട്ടിയെടുക്കുന്നുവെന്നും, വകുപ്പ് മന്ത്രിയെ ക്ഷണിക്കാതെ ബിജെപി നേതാക്കളെ ഉൾപ്പെടുത്തിയത് ജനാധിപത്യവിരുദ്ധമാണെന്നും എം.എൽ.എ ആരോപിച്ചു.
ഈ പദ്ധതി പൂർത്തിയാക്കാൻ എൽഡിഎഫ് സർക്കാർ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. മറ്റൊരു സർക്കാരായിരുന്നെങ്കിൽ ഈ പദ്ധതി തന്നെ മുടങ്ങിപ്പോകുമായിരുന്നു. 5,600 കോടി രൂപ സംസ്ഥാനം നൽകിയ പദ്ധതിയാണിത്. ഉദ്ഘാടന ചടങ്ങിലേക്ക് തനിക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പോലും ഈ തട്ടിക്കൂട്ട് ഉദ്ഘാടനത്തിന് എത്തുന്നില്ലെന്നാണ് അറിയുന്നത്, മന്ത്രി റിയാസ് പറഞ്ഞു.

