Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeKerala'കേരളത്തെ അപമാനിക്കൽ': ദേശീയപാത ഉദ്ഘാടനത്തിൽ നിന്ന് ഒഴിവാക്കിയതിൽ മന്ത്രി PA മുഹമ്മദ്...

‘കേരളത്തെ അപമാനിക്കൽ’: ദേശീയപാത ഉദ്ഘാടനത്തിൽ നിന്ന് ഒഴിവാക്കിയതിൽ മന്ത്രി PA മുഹമ്മദ് റിയാസ്, ചടങ്ങ് ബഹിഷ്‌കരിച്ച് സർക്കാർ | PA Mohammed Riyas

🎙️ Latest Podcast

തിരുവനന്തപുരം: കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കുന്ന ദേശീയപാത 66-ന്റെ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. ഔദ്യോഗിക ചടങ്ങിൽ വകുപ്പ് മന്ത്രിയെ ഒഴിവാക്കി ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രതിഷ്ഠിക്കുന്നതിനെതിരെ അദ്ദേഹം പ്രതിഷേധിച്ചു. (Minister PA Mohammed Riyas excluded from national highway inauguration)

ഇത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ലാത്ത നടപടിയാണിതെന്നും അദ്ദേഹം ആരോപിച്ചു. 2014-ൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉപേക്ഷിക്കുന്നുവെന്ന് രേഖാമൂലം അറിയിച്ച് ഓഫീസ് പൂട്ടിപ്പോയ പദ്ധതിയെ 2016-ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ പുനരുജ്ജീവിപ്പിച്ചതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ദേശീയപാതാ വികസനത്തിന് ഒരു സംസ്ഥാന സർക്കാർ 5,600 കോടി രൂപ വിഹിതം നൽകാൻ തയ്യാറായത് കേരളത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ തുടക്കം മുതൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും നേതൃത്വത്തിൽ നടന്ന കൃത്യമായ ഏകോപനത്തെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥരും പലതവണ അഭിനന്ദിച്ചിട്ടുള്ളതാണെന്നും റിയാസ് കൂട്ടിച്ചേർത്തു.

ബുധനാഴ്ച കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ 2,650 കോടി രൂപ ചെലവിൽ നിർമ്മിച്ച തലപ്പാടി-ചെങ്കള ആറുവരിപ്പാതയും 2,140 കോടി രൂപയുടെ കോഴിക്കോട് ബൈപ്പാസ് നവീകരണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൂടാതെ, പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരമുള്ള 23 ഗ്രാമീണ റോഡുകളും അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിക്കും. എൽ.ഡി.എഫ് സർക്കാരിന് പദ്ധതിയിലുള്ള റോൾ ഇല്ലാതാക്കാൻ ശ്രമിച്ചാലും കേരളത്തിലെ ജനങ്ങൾ വസ്തുതകൾ തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഔദ്യോഗിക അതിഥി പട്ടികയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി എന്നിവരുടെ പേരുണ്ടെങ്കിലും പ്രതിഷേധസൂചകമായി അവർ ചടങ്ങിൽ പങ്കെടുക്കില്ല. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എംഎൽഎ ഉമ തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് ഉണ്ടായിരുന്നെങ്കിലും അദ്ദേഹം പങ്കെടുക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി എന്നിവരും ചടങ്ങിലെത്തില്ല. പരിപാടിയുടെ അറിയിപ്പ് വൈകിയാണ് ലഭിച്ചതെന്നും മുൻകൂട്ടി നിശ്ചയിച്ച മറ്റ് പരിപാടികൾ ഉള്ളതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്നും മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. അസൗകര്യങ്ങൾ ഉള്ളതിനാൽ ചടങ്ങിന് എത്തില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയും അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.