തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ ഭരണമുന്നണിക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, മന്ത്രിക്കെതിരായ ആരോപണങ്ങൾ ഗുരുതരമാണ് എന്നാണ് സി പി ഐയുടെ നിലപാട്.(KB Ganesh Kumar controversy, CPI demands removal of minister)
മന്ത്രിക്കെതിരായ പരാതി അതീവ ഗുരുതരമാണെന്നും അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് മാറ്റിനിർത്തണമെന്നും സിപിഐ നേതൃത്വത്തോട് ആവശ്യപ്പെട്ടു. സർക്കാരിന് ഇത്തരം ആരോപണങ്ങൾ വലിയ തിരിച്ചടിയാകുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഇന്ന് രാവിലെ 10 മണിക്ക് ചേരുന്ന മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ ഗണേഷ് കുമാറുമായി നേരിട്ട് സംസാരിച്ചേക്കും.
സ്ഥിതിഗതികൾ വഷളാകുന്നത് ഒഴിവാക്കാൻ മന്ത്രിയോട് സ്വമേധയാ രാജിവെക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

